വ്യത്യസ്തമായ വിഭവങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന വ്‌ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. അദ്ദേഹത്തിന്റെ ‘വില്ലേജ് ഫുഡ് ചാനല്‍’ എന്ന യൂട്യൂബ് ചാനലിന് എട്ടുമില്യണിലേറെ സബ്‌സ്‌ക്രൈബേഴ്‌സാണുള്ളത്. വില്ലേജ് ഫുഡ് ചാനലിലൂടെ ഏറ്റവും ഒടുവിലായി അവതരിപ്പിച്ച വിഭവവും യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.
‘ഐസ്‌ക്രീം ബിരിയാണി’ തയ്യാറാക്കുന്നതാണ് യൂട്യൂബ് ചാനലിലൂടെ ഫിറോസ് ചുട്ടിപ്പാറ പുതിയതായി പരിചയപ്പെടുത്തിയിരിക്കുന്നത്. വിവിധ ഫ്‌ളേവറുകളിലുള്ള ഐസ്‌ക്രീമും കേക്കുമെല്ലാം മിക്‌സ് ചെയ്തുള്ളതാണ് ‘ഐസ്‌ക്രീം ബിരിയാണി’. പതിവുപോലെ സുഹൃത്തുക്കള്‍ക്കൊപ്പം തന്നെയായിരുന്നു അദ്ദേഹം ഐസ്‌ക്രീം ബിരിയാണി തയ്യാറാക്കിയത്. ശേഷം, ഇത് സുഹൃത്തുക്കള്‍ക്കും അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്കും വിതരണംചെയ്യുകയും ചെയ്തു.
അതേസമയം, ‘ഐസ്‌ക്രീം ബിരിയാണി’യെ അനുകൂലിച്ചും വിമര്‍ശിച്ചും യൂട്യൂബ് വീഡിയോയില്‍ കമന്റുകള്‍ നിറഞ്ഞിട്ടുണ്ട്. ചട്ടിക്ക് പുറത്ത് ചോക്ലേറ്റ് സിറപ്പ് ഒഴിച്ചതും അടുപ്പ് കത്തിക്കാതെയുള്ള പാചകവും ഗംഭീരമായെന്ന് ചിലര്‍ കമന്റ് ചെയ്തു. എന്നാല്‍, കണ്ടന്റ് ദാരിദ്ര്യമാണ് വീഡിയോയില്‍ കണ്ടതെന്നായിരുന്നു ചിലരുടെ അഭിപ്രായം. ആദ്യമായിട്ടാണ് ഐസ്‌ക്രീം കണ്ടിട്ട് കഴിക്കാന്‍ തോന്നാത്തതെന്നും കണ്ടിട്ട് ഐസ്‌ക്രീമിനോടുതന്നെ മടുപ്പ് തോന്നിയെന്നും മറ്റുചിലരും കമന്റ് ചെയ്തു. എന്ത് ഭക്ഷണമുണ്ടാക്കിയാലും അത് അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് നല്‍കുന്നതിനെയും കമന്റുകളില്‍ പലരും പ്രശംസിച്ചിട്ടുണ്ട്.