ചെസ് ബോർഡിൽ എതിരാളികളെ കൃത്യതയോടെ നേരിടുന്ന താരമാണ് ആർ. പ്രജ്ഞാനന്ദ. ലോകപ്രശസ്തരായ ഏതൊരു ചെസ്സ് താരത്തിനെതിരേയുമുള്ള വെല്ലുവിളികൾ അനായാസം നേരിടുന്ന പ്രജ്ഞാനന്ദ പക്ഷേ ഇപ്പോൾ മറ്റൊരു വെല്ലുവിളിയാണ് ഏറ്റെടുത്തത്. അതുപക്ഷേ ചെസ്സ് ബോർഡിലല്ല, അടുക്കളയിലാണെന്ന് മാത്രം. ദോശ പരീക്ഷിച്ചാണ് ചെസ് താരം ഇന്റർനെറ്റ് ലോകത്തിന്റെ മനം കവർന്നത്. പിന്നാലെ പ്രജ്ഞാനന്ദയുടെ പാചക പരീക്ഷണം ഇന്റർനെറ്റ് ലോകവും ഏറ്റെടുത്തു.
പ്രജ്ഞാനന്ദയുടെ പരിശീലകനായ രാമചന്ദ്രൻ രമേശാണ് യുവ ഗ്രാൻഡ്മാസ്റ്റർ ആദ്യമായി ദോശ തയ്യാറാക്കാൻ ശ്രമിക്കുന്നതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. “ആദ്യമായാണ് ആർ. പ്രജ്ഞാനന്ദ ദോശ ഉണ്ടാക്കാൻ പഠിക്കുന്നത്. സത്യം പറഞ്ഞാൽ, ഓരോ ശ്രമത്തിലും അദ്ദേഹം മെച്ചപ്പെട്ടു. രണ്ട് ചൂടുള്ള ദോശ പാഴ്സൽ” – എക്സിൽ പങ്കുവെച്ച പോസ്റ്റിൽ, രമേശ് തന്റെ വിദ്യാർഥിയുടെ പാചക അരങ്ങേറ്റത്തെക്കുറിച്ച് നർമ്മം കലർത്തി കുറിച്ചു.