ബോളിവുഡ് താരവും ബി.ജെ.പി. എം.പി.യുമായ കങ്കണ റണൗട്ട് മണാലിയിൽ ‘ദി മൗണ്ടെയ്ൻ സ്റ്റോറി’ എന്ന പേരിൽ കഫേ തുറക്കുന്നുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഫെബ്രുവരി 14നാണ് കഫേ പ്രവർത്തനം ആരംഭിക്കുന്നത്. നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. ഇപ്പോൾ കോൺഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോകിക എക്സ് അക്കൗണ്ടിൽ നിന്നും എത്തിയ ഒരു ആശംസയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.
“നിങ്ങളുടെ പുതിയ ‘പ്യുവർ വെജിറ്റേറിയൻ’ റെസ്റ്റോറൻ്റിനെക്കുറിച്ച് സന്തോഷമുണ്ട്. എല്ലാ വിനോദസഞ്ചാരികൾക്കും രുചികരമായ ഹിമാചലി വെജിറ്റേറിയൻ വിഭവങ്ങൾ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സംരംഭത്തിന് എല്ലാ വിജയങ്ങളും നേരുന്നു!” കോൺഗ്രസ് കേരള ഘടകം എക്സിൽ കുറിച്ചു.
ഇതെന്താ കോൺഗ്രസിന്റെ എക്സ് അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തതാണോ, ഒരു ഹൈസ്കൂൾ വിദ്യാർഥിയാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്ന് തോന്നുന്നു, തുടങ്ങി നിരവധി കമന്റുകൾ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടു. പോസിറ്റിനെതിരെ നിരവധി വിമർശനവും ഉയർന്നു.
കഫേയുടെ ഗ്ലിംസ് വിഡിയോ മുമ്പ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ‘ഹിമാലയത്തിന്റെ മടിത്തട്ടിൽ എന്റെ ചെറിയ കഫേ, കുട്ടിക്കാലത്തെ ഒരു സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. ദി മൗണ്ടെയ്ൻ സ്റ്റോറി, ഇതൊരു സ്നേഹത്തിന്റെ കഥയാണ്’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരുന്നത്.
തടികൊണ്ട് ഫർണിഷിങ് ചെയ്ത ഹോംലി ഹിൽ സ്റ്റൈൽ കഫേയാണ് വീഡിയോയിലുള്ളത്. പരമ്പരാഗത വിഭവങ്ങൾക്കു പുറമെ, പിസ, സാലഡുകൾ, കേക്ക് തുടങ്ങിയവയും കഫേയിൽ ലഭ്യമാകുമെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ഭക്ഷണം രുചിച്ചുകൊണ്ട് മലനിരകളുടെ അതിമനോഹരമായ കാഴ്ചകളും ഇവിടെയിരുന്ന് ആസ്വദിക്കാം.