ശരീരത്തിലെ അനാവശ്യ ഫാറ്റ് വര്‍ക്കൗട്ടിലൂടെ ഇല്ലാതാക്കാനും മെലിയാനും ആരോഗ്യമുള്ളവരാകാനും ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍ ഓര്‍ക്കാപുറത്തെത്തുന്ന ഫുഡ് ക്രേവിങ്‌സ് ഡയറ്റ് പ്ലാനെല്ലാം താറുമാറാക്കിയേക്കാം. ഇത് നിയന്ത്രിക്കാനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം…
ഒരേ ഭക്ഷണംതന്നെ കഴിക്കാതിരിക്കുക
ഒരേ ഭക്ഷണം കഴിച്ചതുകൊണ്ട് ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കണമെന്നില്ല. ഇത് ഫുഡ് ക്രേവിങ്‌സിന് കാരണമായേക്കാം. ഒരേ ഭക്ഷണം കഴിക്കുന്നതിന് പകരം പല ഭക്ഷണങ്ങള്‍ കഴിക്കാന്‍ തെരഞ്ഞെടുക്കാം. മധുരം കഴിക്കാന്‍ അതിയായ ആഗ്രഹം വരുമ്പോള്‍ ചോക്ലേറ്റുകള്‍ക്കോ മധുര പലഹാരങ്ങള്‍ക്കോ പകരം പഴങ്ങള്‍ കഴിക്കാവുന്നതാണ്.
ധാരാളം വെള്ളം കുടിക്കുക
പൊട്ടറ്റോ ചിപ്‌സോ മറ്റോ കഴിക്കാന്‍ തോന്നുന്ന സമയത്ത് ധാരാളം വെള്ളം കുടിക്കുക. ശേഷം 20 മിനിറ്റ് കാത്തിരിക്കുക. അപ്പോള്‍ ഭക്ഷണം കഴിക്കാനുള്ള നിങ്ങളുടെ ആസക്തി കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു.
ശ്രദ്ധ തിരിക്കുക
ഫുഡ് ക്രേവിങ്‌സ് തോന്നുമ്പോള്‍ ധാരാളം വെള്ളം കുടിക്കുന്നതിലൂടെ നമ്മള്‍ ശ്രദ്ധ തിരിക്കുകയാണ് ചെയ്യുന്നത്. ഭക്ഷണത്തോട് ആസക്തിയനുഭവപ്പെടുമ്പോല്‍ നമ്മള്‍ എവിടെയാണോ ഇരിക്കുന്നത് ഇവിടെനിന്ന് മാറുകയും മറ്റെന്തെങ്കിലും പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതും ഗുണം ചെയ്യും. പുസ്തകം വായിക്കുക, സുഹൃത്തുക്കളെ ഫോണ്‍ ചെയ്യുക, നടക്കാനിറങ്ങുക, വീടോ വാഹനമോ വൃത്തിയാക്കുക, ചെടികളെ പരിപാലിക്കുക എന്നിവ അത്തരത്തില്‍ ബോധപൂര്‍വമുള്ള ശ്രദ്ധതിരിക്കല്‍ പ്രക്രിയകളാണ്.
ഭക്ഷണക്രമം പാലിക്കാന്‍ ശ്രമിക്കുക
ഒരു ദിവസമോ ഒരാഴ്ചയോ നിങ്ങള്‍ കഴിക്കാന്‍ ആഗ്രഹിക്കുന്ന ഭക്ഷണത്തിന്റെ മെന്യു നേരത്തേ പ്ലാന്‍ ചെയ്യാവുന്നതാണ്. ഇത് പാലിച്ചാല്‍ ഫുഡ് ക്രേവിങ്‌സ് ഒരുപരിധി വരെ നിയന്ത്രിക്കാം. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നതും ഫുഡ് ക്രേവിങ്‌സ് സമയത്ത് അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് തടയുന്നു.
അമിതമായി വിശന്നിരിക്കാതിരിക്കുക
അധികം വിശന്നിരിക്കുന്നത് മധുരം കൂടിയ ഭക്ഷണം കഴിക്കാന്‍ നമ്മെ പ്രേരിപ്പിച്ചേക്കാം. ആ സാഹചര്യം ഇല്ലാതാക്കുക. സ്‌നാക്‌സിന് പകരം പഴങ്ങളോ ധാന്യങ്ങളോ നട്‌സോ പച്ചക്കറികളോ വിത്തുകളോ കഴിക്കുക.
നന്നായി ഉറങ്ങുക
നന്നായി ക്ഷീണിച്ചിരിക്കുമ്പോള്‍ ക്രേവിങ്‌സ് വരാന്ഡ സാധ്യത കൂടുതലാണ്. രാത്രി ഉറങ്ങാതിരിക്കുന്നത് കാര്‍ബോഹൈഡ്രേറ്റ്, മധുരം എന്നിവ കഴിക്കാനുള്ള ആഗ്രമുണ്ടാക്കുന്നു. ആവശ്യത്തിന് ഉറങ്ങുന്നതാണ് ഇതിനുള്ള പരിഹാരം.
ഉത്കണ്ഠ കുറയ്ക്കുക
സ്‌ട്രെസ് നിറഞ്ഞ സാഹചര്യത്തില്‍ ആളുകള്‍ പലപ്പോഴും ഭക്ഷണത്തില്‍ അഭയം പ്രാപിക്കാറുണ്ട്. ഇത് അപകടമാണ്. ഉത്കണ്ഠ കുറയ്ക്കാനായി മെഡിറ്റേഷന്‍, യോഗ എന്നിവയെല്ലാം ചെയ്യാം. വ്യായാമവും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതും ഉത്കണ്ഠ കുറയ്ക്കുന്നു. ഇത് സ്വാഭാവികമായി നിങ്ങളുടെ ഫുഡ് ക്രേവിങ്‌സ് ഇല്ലാതാക്കും.
(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യുട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)