സ്ട്രോബറി കഴിച്ച് ലോക റെക്കോഡ് നേടണമെന്നുണ്ടോ? നിങ്ങൾക്ക് അങ്ങനെ ഒരു സ്വപ്നം ഉണ്ടെങ്കിൽ ഇനിയത് സാധ്യമാകണമെങ്കില്‍ ഒരു മിനിറ്റ് സമയംകൊണ്ട് 313 ഗ്രാമിന് മുകളിൽ സ്ട്രോബറി കഴിക്കണം. അങ്ങനെ സാധിച്ചാൽ നിങ്ങൾക്ക് ലോക റെക്കോഡിൽ മുത്തമിടാം. തമാശയല്ല, കാര്യമാണ് യുകെയിൽ നിന്നുള്ള ലിയ ഷട്കെവർ എന്ന യുവതി 313 ഗ്രാം സ്ട്രോബെറി കഴിച്ചാണ് ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം നേടിയിരിക്കുന്നത്.
ഗിന്നസ് വേൾഡ് റെക്കോഡിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്ന ലിയയുടെ വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കാഴ്ചക്കാർക്കും സ്ട്രോബറി കഴിക്കാൻ തോന്നിപ്പിക്കുന്ന വിധത്തിൽ വളരെ ആസ്വദിച്ചാണ് ലിയ ഓരോ സ്ട്രോബറിയും കഴിക്കുന്നത്. എന്നാൽ കൃത്യമായ വേഗതയിൽ തന്നെ ഒരു നിമിഷത്തിനുള്ളിൽ പാത്രത്തിനുള്ളിലെ മുഴുവൻ സ്ട്രോബറിയും ലിയ കഴിക്കുന്നു.
ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി റെക്കോഡുകൾ സ്വന്തമാക്കിയ വ്യക്തിയാണ് ലിയ ഷട്കെവറെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തന്റെ നേട്ടങ്ങളിലേക്ക് പുതിയ ഒരു റെക്കോഡ് കൂടി ഇതോടെ ലിയ കൂട്ടിച്ചേർത്തു.
ഒട്ടേറെപേർ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. ‘മറികടക്കാൻ ഏറ്റവും എളുപ്പമുള്ള റെക്കോഡ്’, ‘എന്റെ അച്ഛന് ആ റെക്കോഡ് എളുപ്പത്തിൽ മറികടക്കാൻ കഴിയും’, ‘എന്റെ കുട്ടികൾ 30 സെക്കൻഡിൽ 1 കിലോ കഴിക്കും’, ‘മറികടക്കാൻ സാധിക്കുമായിരുന്നു, ഇതൊരു റെക്കോഡാണെന്ന് അറിയില്ലായിരുന്നു’ തുടങ്ങി രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.