ഐസ്‌ലൻഡ് സഞ്ചാരികൾക്ക് എപ്പോഴും പ്രിയങ്കരമായ പ്രദേശമാണ്. ബ്ലൂ ലഗൂൺ മുതൽ അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളാൽ ചുറ്റപ്പെട്ട ചൂട് നീരുറവകൾ വരെ സഞ്ചാരികളെ ഇവിടേക്ക് മാടിവിളിക്കുന്നു. ജിയോതെർമൽ പൂൾ അല്ലെങ്കിൽ ചൂട് നീരുറവകൾ തേടിയാണ് കൂടുതൽ സഞ്ചാരികളും ഇവിടേക്ക് എത്തുന്നത്. ഈ ചൂട് നീരുറവകളിൽ ഭക്ഷണം പാകം ചെയ്യാനാകുമോ? കേൾക്കുമ്പോൾ തമാശയായിട്ട് തോന്നുമെങ്കിലും സംഭവം സത്യമാണ്. ഒരു ട്രാവൽ വ്ലോഗർ ഈ ചൂട് നീരുറവയിൽ അത്തരമൊരു പരീക്ഷണം നടത്തിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
കൊറിയൻ ട്രാവൽ വ്ലോഗറായ ഗ്ലോറിയയാണ് ഇത്തരമൊരു പരീക്ഷണം നടത്തിയതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. തടാകത്തിലെ ചൂട് വെള്ളത്തിന്റെ ദൃശ്യങ്ങളും ഒപ്പം അതിൽ മുട്ട വേകുമോയെന്ന് പരീക്ഷിക്കുന്ന ഗ്ലോറിയയെയും ദൃശ്യങ്ങളിൽ കാണാം. തടാക തീരത്ത് നീരുറവയിലെ ചൂടുവെള്ളം നിറഞ്ഞ ചെറിയ ഒരു കുഴിയിൽ അവർ കുറച്ച് മുട്ടകൾ വച്ച് മണലിൽ മൂടി. എട്ട് മിനിറ്റിനുശേഷം മുട്ടകൾ പുറത്തെടുത്തപ്പോൾ അത് കഴിക്കാൻ പാകമായിരുന്നു.
ഈ ദൃശ്യങ്ങൾ ഇതിനോടകം നിരവധി പേരാണ് കണ്ടത്. പലർക്കും ഇത് ഒരു അത്ഭുതമായിട്ടാണ് തോന്നിയത്. നിരവധി കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.