കിഴങ്ങു വര്‍ഗ്ഗങ്ങളിലെ ഒരു പ്രധാനിയാണ് കൂര്‍ക്ക. അന്നൊക്കെ കൂര്‍ക്ക സീസണ് തുടങ്ങാന്‍ കാത്തിരിക്കും. വിലക്കുറവില്‍ ലഭ്യമായി തുടങ്ങുമ്പോള്‍ പിന്നെ അടുക്കളകളില്‍ കൂര്‍ക്ക വിഭവങ്ങളുടെ മേളം തുടങ്ങും.
കൊങ്കണികളുടെ രുചി കൂട്ടുകളില്‍ കൂര്‍ക്ക കൊണ്ട് ഉപ്കരി എന്ന് വിളിക്കുന്ന മെഴുക്കുപുരട്ടിക്ക് പുറമേ മറ്റ് പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. ‘സുക്കെ ‘ എന്ന വിളിപ്പേരുള്ള തേങ്ങ അരച്ച് അല്പം കുറുകി ഇരിക്കുന്ന കറി ഏറെ രുചികരമാണ്. വേവിച്ച കൂര്‍ക്ക ഇടിച്ചു ഉടച്ചു ചട്ണി എന്ന വിഭവവും കൊങ്കണികള്‍ ഉണ്ടാക്കും. കൂര്‍ക്ക കൊണ്ടുള്ള പുളിശ്ശേരി ആണെങ്കില്‍ ചോറിനൊപ്പം ഒഴിച്ച് കറിയായി വിളമ്പാവുന്നതാണ്. നല്ല എരിവുള്ള കൂര്‍ക്ക സോങ്ക് എന്ന കറിക്ക് ആരാധകര്‍ ഏറെയാണ്.
എന്തിനേറെ, കൂര്‍ക്ക ചെറുതായി അരിഞ്ഞു വറുത്തു കോരി അച്ചാറു പോലെ കഴിക്കാവുന്ന കൂര്‍ക്ക ‘അഡ്ഗൈ ‘ അതീവ വിശിഷ്ടമായ രുചിയാണ്.
ഇനി ഇതിനെല്ലാം പുറമെ മറ്റ് ധാന്യ വര്‍ഗ്ഗങ്ങള്‍ കറി വെയ്ക്കുമ്പോള്‍ അവയ്ക്കൊപ്പം കൂര്‍ക്ക ചേര്‍ക്കുന്നത് രുചി വര്‍ധിപ്പിക്കും. കടല, തുവര, വന്‍പയര്‍, വിവിധ അമര പയറുകള്‍ പോലെയുള്ള ധാന്യ കറികളില്‍, കൂര്‍ക്ക സീസണില്‍ കൂര്‍ക്ക തീര്‍ച്ചയായും ചേര്‍ത്തിരിക്കും. കാര്‍ത്തിക മാസത്തിലെ തുളസി പൂജയുടെ സദ്യക്ക് ഉണ്ടാക്കുന്ന മുളപ്പിച്ച ചെറുപയര്‍ കൊണ്ടുള്ള ‘മൂഗാ ഘശി’യില്‍ കൂര്‍ക്ക മിക്ക കൊങ്കണികളും ചേര്‍ക്കും. കൂട്ടിനു അന്നേ ദിവസം കൂര്‍ക്ക ഉപ്കരിയും കാണും.
ഇന്ന് പരിചയപ്പെടുത്തുന്നത് കൂര്‍ക്ക കൊണ്ടുള്ള ഒരു കറിയാണ്. കൂര്‍ക്ക ‘സാസ്സം’ എന്നാണിതിനു കൊങ്കണിയിലെ പേര്. സാസം എന്നാല്‍ കടുക്. അതുകൊണ്ട് തന്നേ കടുക് അരച്ച് ചേര്‍ക്കുന്ന ഈ കറിക്ക് പൊതുവില്‍ വിളിക്കുന്ന പേരാണ് സാസ്സം. കുമ്പളങ്ങ കൊണ്ടും പൈനാപ്പിള്‍ കൊണ്ടും കക്കിരിക്ക കൊണ്ടുമൊക്കെ സാസ്സം ഉണ്ടാക്കാറുണ്ട്. അധികം എരിവില്ലാതെയാണ് ഈ കറി ഉണ്ടാക്കുക. ചോറിനൊപ്പം വിളമ്പാവുന്ന ഒഴിച്ചു കറികളില്‍ പെടുത്താവുന്ന രുചിക്കൂട്ടാണ് കൂര്‍ക്ക സാസ്സം. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകള്‍
കൂര്‍ക്ക – 250 ഗ്രാം
തേങ്ങ – ഒരു കപ്പ്
വറ്റല്‍ മുളക് – 6-8 എണ്ണം
വാളന്‍ പുളി – ഒരു ചെറു നെല്ലിക്ക വലിപ്പത്തില്‍
കടുക് – 2 ടീസ്പൂണ്‍
കറിവേപ്പില – ഒരു കതിര്‍പ്പ്
വെളിച്ചെണ്ണ – 2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കൂര്‍ക്ക കഴുകി തൊലി നീക്കി അല്പം വലിയ കഷ്ണങ്ങളാക്കുക. ഇവ ഉപ്പ് ചേര്‍ത്ത് ഒരു കപ്പ് വെള്ളവും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ ഒറ്റ വിസില്‍ വരുന്ന വരെ വേവിക്കുക.
വറ്റല്‍ മുളക് അര ടീസ്പൂണ്‍ എണ്ണ ചൂടാക്കി അതില്‍ ചെറുതീയില്‍ ചുവക്കെ വറുത്തെടുക്കുക.
തേങ്ങയും വറുത്ത വറ്റല്‍ മുളകും പുളിയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. അരപ്പ് നന്നായി അരഞ്ഞതിനു ശേഷം മാത്രം, അതിലേക്ക് ഒരു ടീസ്പൂണ്‍ കടുക് ചേര്‍ത്ത് അരയ്ക്കുക. കടുക് നിര്‍ബന്ധമായും കൂടുതല്‍ അരയരുത്. ചെറുതായി ചതഞ്ഞു വരേണ്ട കാര്യം മാത്രമേയുള്ളൂ.
വെന്ത കൂര്‍ക്കയിലേക്ക് അരപ്പ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ചാറ് ആവശ്യത്തിന് കുറുകി ഒഴിച്ച് കറിക്കുള്ള പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റാം.
ഇനി ഒരു ചെറു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും മൂപ്പിച്ചു കറിക്ക് മീതെ താളിച്ചു ചേര്‍ക്കുക. കൂര്‍ക്ക സാസ്സം തയ്യാര്‍.