ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് നാലു ടണ്‍ ചുവന്ന മുളകുപൊടി മാര്‍ക്കറ്റില്‍നിന്ന് തിരികെവിളിച്ച് പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് പായ്ക്ക് ചെയ്ത ചുവന്ന മുളക് പൊടിയുടെ പ്രത്യേക ബാച്ച് തിരിച്ചുവിളിക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പതഞ്ജലിയോട് ആവശ്യപ്പെട്ടത്.
200 ഗ്രാം പായ്ക്കിന്റെ നാലു ടണ്‍ ചുവന്ന മുളകുപൊടിയാണ് തിരികെ വിളിച്ചതെന്ന് പതഞ്ജലി ഫുഡ്‌സ് സിഇഒ സഞ്ജീവ് അസ്താന പ്രസ്താവനയില്‍ അറിയിച്ചു. ഉല്‍പ്പന്നത്തിന്റെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ കീടനാശിനികളുടെ അവശിഷ്ടത്തിന്റെ അളവ് അനുവദനീയമായതിലും കൂടുതല്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്നും കമ്പനി വ്യക്തമാക്കി.
AJD2400012 എന്ന ബാച്ചിന്റെ മുഴുവന്‍ ഉത്പന്നങ്ങളുമാണ് നിലവില്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. വിതരണക്കാര്‍ക്ക് ഇത് സംബന്ധിച്ച് ഉടനടി നിര്‍ദേശം കൈമാറിയിട്ടുണ്ടെന്നും ഉത്പന്നംവാങ്ങിയ ഉപഭോക്താക്കളിലേക്ക് വിവരം എത്തിക്കാന്‍ പരസ്യങ്ങള്‍ പുറത്തിറക്കിയതായും കമ്പനി സി.ഇ.ഒ വ്യക്തമാക്കി. ഉല്‍പ്പന്നം വാങ്ങിയ സ്ഥലത്തുതന്നെ തിരികെ നല്‍കാനും തുക മുഴുവന്‍ തിരികെവാങ്ങാനും അദ്ദേഹം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
അതേസമയം, ചെറിയ അളവിലുള്ള ഉത്പന്നം മാത്രമേ തിരികെവിളിക്കേണ്ടിവന്നിട്ടുള്ളൂവെന്നും അസ്താന കൂട്ടിച്ചേര്‍ത്തു. കമ്പനി തുടര്‍ന്ന് കര്‍ശനമായി ഗുണനിലവാരം ഉറപ്പാക്കുമെന്നും FSSAI ചട്ടങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെന്നും സഞ്ജീവ് അസ്താന അറിയിച്ചു.
Content Highlights: Patanjali Foods recalls 4 tonnes of red chilli powder; urges customers to return product

മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter