ഊണിനൊപ്പം ഇത്തിരി എരിവും പുളിയുമുള്ള തൊടുകറികൾ നമ്മുടെയൊക്കെ രുചിക്കൂട്ടിലെ പ്രധാന ആകർഷണമാണ്.. അത്തരം രുചിവിശേഷമാണ് ഇന്നത്തെ കൊങ്കണി രുചിയായ ” ഗൊജ്ജു ” കഥകൾ. ഗൊജ്ജു എന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന തൊടുകറികളാണ്. മിക്കവാറും വേവിച്ചെടുക്കുന്നതോ വേവിയ്ക്കാത്തതോ ആയ പച്ചക്കറികളോ പഴ വർഗ്ഗങ്ങളോ കൈകൊണ്ട് നന്നായി ഉടച്ചു ഞെരടി എടുക്കുന്നതായിരിക്കും പ്രധാന പരിപാടി. എരിവും പുളിയും മധുരവും അങ്ങനെ രുചിയുടെ എല്ലാ രസങ്ങളും പല തരം ഗൊജ്ജുകളിലൂടെ കൊങ്കണികൾ ആഘോഷിക്കും.
ഉരുളക്കിഴങ്ങു കൊണ്ടുള്ള ഗൊജ്ജുവിൽ വേവിച്ച ഉരുളക്കിഴങ്ങും തൈരും ആണ് പ്രധാനം. സവാള ഞെരടി ഉണ്ടാക്കുന്ന “പിയാവ ഗൊജ്ജു ” ആണെങ്കിൽ കൊഴുക്കട്ടയ്ക്കൊപ്പം ഏറ്റവും പ്രിയങ്കരമാണ്. ഇനി നല്ല വിളഞ്ഞ കത്തിരിക്കയാണെങ്കിൽ , കനലിൽ ചുട്ടെടുത്ത് ആണ് ഗൊജ്ജു ഉണ്ടാക്കുക. അതേ സമയം മാമ്പഴക്കാലത്തെ പഴമാങ്ങാ ഗൊജ്ജുവിന് ആരാധകർ ഏറെ. രസകദളി പഴം കൊണ്ടുണ്ടാക്കുന്ന ഗൊജ്ജുവിൽ മറ്റ് ഗൊജ്ജുവിൽ നിന്നും വിഭിന്നമായി തേങ്ങാപ്പാലാണ് മറ്റൊരു താരം.
ഇന്ന് പരിചയപ്പെടുത്തുന്നത് ഇരുമ്പൻപുളിയെന്നും ബിലിമ്പി എന്നുമൊക്കെ പേരുള്ള ഈ പുളി കൊണ്ടുള്ള ഗൊജ്ജുവാണ്. കേരളത്തിൽ വളരെ സുലഭമായി കാണുന്ന ഈ പുളി നമ്മുടെ അടുക്കള രുചിക്കൂട്ടുകളിൽ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. ചെമ്മീൻ പുളി, പുളിഞ്ചിക്ക ശീമപ്പുളി എന്നുമൊക്കെ ഇതിനു വിളിപ്പേരുണ്ട്. പേരെന്തായാലും ഊണ് രസകരമാക്കാൻ ഈ ഇരുമ്പൻമ്പുളി കൊണ്ടുള്ള ഗൊജ്ജു തയ്യാറാക്കി നോക്കാം.
പാചകരീതിയിലേക്ക്
- ഇരുമ്പൻപുളി – 6-8 എണ്ണം
- സവാള – 1 ഇടത്തരം
- പച്ചമുളക് – 5 -6 എണ്ണം
- വറ്റൽമുളക്- 3-4 എണ്ണം
- വെളിച്ചെണ്ണ 1 ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- ഇരുമ്പാമ്പുളി അല്പം വെള്ളമൊഴിച്ചു നന്നായി വെന്തുവരുന്നതു വരെ മുഴുവനോടെ വേവിയ്ക്കുക.
- വറ്റൽ മുളക് ഒരു കാൽ ടീസ്പൂൺ എണ്ണ ചൂടാക്കി ചെറുതീയിൽ ചുവക്കെ വറുത്തെടുക്കുക.
- സവാള ചെറുതായി അരിഞ്ഞതിലോട്ടു പച്ചമുളക് അരിഞ്ഞതും ഉപ്പും വറ്റൽമുളകും ചേർത്ത് നന്നായി ഞെരടുക.
- അടിവശം കനമുള്ള ഏതെങ്കിലും ഗ്ലാസ്സോ മറ്റോ വെച്ചു അമർത്തി ഞെരടുകയാണ് പതിവ്.
- ഇതിലേക്ക് വേവിച്ചു വെച്ച പുളിഞ്ചിക്ക ചേർത്ത് നന്നായി ഉടയ്ക്കുക.
- വേവിയ്ക്കാനെടുത്ത വെള്ളവും അല്പം ചേർക്കാം.
- നന്നായി ഇളക്കി മീതെ വെളിച്ചെണ്ണയും ഒഴിച്ചാൽ ഗൊജ്ജു തയ്യാർ.
ശ്രദ്ധിക്കുക
- സവാളയും പച്ചമുളകുമൊക്കെ പച്ചയ്ക്ക് ചേർക്കുന്നതാണ്. പാകം ചെയ്യാറില്ല.
- സവാളയ്ക്ക് പകരം ചുവന്നുള്ളിയും ചേർക്കാം.
- വറ്റൽമുളക് വറുക്കുന്നതിനു പകരം കനലിൽ ചുട്ടെടുക്കുകയും ചെയ്യാം
Content Highlights: Learn to make Bilimbi Gojju, a flavorful Konkani dish

മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter