കണ്ണൂർ: പാക്കറ്റിലും കുപ്പിയിലും മറ്റുമെത്തുന്ന അമിതമായി സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ അറിഞ്ഞതിനുമപ്പുറം. ആളുകൾ ഇഷ്ടത്തോടെ കഴിക്കുന്ന അൾട്രാ പ്രൊസസ്ഡ് ഫുഡ്‌സ് (യു.പി.എഫ്.) എന്ന വിഭാഗത്തിലെ ഭക്ഷ്യവസ്തുക്കൾ ശരീരത്തെ മാത്രമല്ല മാനസികാരോഗ്യത്തെയും ബാധിക്കുന്നുവെന്ന് കേന്ദ്രത്തിന്റെ ഈ വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യനികുതിയുൾപ്പെടെ ചുമത്തി അവ നിരുത്സാഹപ്പെടുത്തണമെന്നും ബോധവത്‌കരണം നടത്തണമെന്നും ശുപാർശ ചെയ്യുന്നു. ഇപ്പോൾ 3.3 കോടി കുട്ടികൾ രാജ്യത്ത് അമിതഭാരമോ അമിതവണ്ണമോ ഉള്ളവരാണെന്ന പശ്ചാത്തലമാണ് ഗൗരവം കൂട്ടുന്നത്. 2011 മുതൽ 10 വർഷംകൊണ്ട് ഇവയുടെ വിൽപന രാജ്യത്ത് 13.7 ശതമാനം കൂടി. ഭക്ഷണത്തിന് ചെലവഴിക്കുന്ന തുകയുടെ 10 ശതമാനത്തിലധികം ഇത്തരം വസ്തുക്കൾക്കാണ്.
പായ്ക്കറ്റിലാക്കി വിൽപനയ്ക്കെത്തുന്ന ബ്രെയ്ക്ക്ഫാസ്റ്റ് സിരിയലുകൾ, കൃത്രിമ മധുരപാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, ടെട്രാപാക് ജ്യൂസുകൾ, ഇൻസ്റ്റന്റ് സൂപ്പ്, സ്നാക്സ്, ചിക്കൻ നഗ്ഗറ്റ്സ്, സംസ്കരിച്ച മാംസം, പാചകം ചെയ്യാതെ കഴിക്കാവുന്ന പലതരം റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ എന്നിവയൊക്കെ ഇതിൽപ്പെടും.
വ്യവസായശാലകളിൽ അമിതമായി സംസ്കരിച്ചെടുക്കുന്നതാണവ. സംസ്കരിച്ച അന്നജമാണ് പലതിലെയും പ്രധാന ഘടകം. അതിൽ രുചി വർധിപ്പിക്കുന്ന വസ്തുക്കൾ, ചീത്തയാകാതിരിക്കാനുള്ള പ്രിസർവേറ്റീവുകൾ, കൃത്രിമമധുരം, നിറങ്ങൾ, വിവിധ ഘടകങ്ങളെ ചേർത്തുനിർത്തുന്ന എമൾസിഫയർ, പൂരിത കൊഴുപ്പ്, ഉപ്പ് തുടങ്ങി പല വസ്തുക്കൾ ചേർക്കുന്നു. ഒടുവിൽ യഥാർഥ ഭക്ഷണത്തിന്റെ അടിസ്ഥാനസ്വഭാവം മാറിയാണ് കൈകളിലെത്തുന്നത്.
ദോഷങ്ങൾ പലത്
ഇവയിൽ ഊർജം കൂടുതലാണ്. പെട്ടെന്ന് ലഘുവായ ഘടകങ്ങളായി മാറും. മറ്റു പോഷകഘടകങ്ങൾ കുറവ്. ഭക്ഷ്യനാരുകളില്ല. പലതരം രാസവസ്തുക്കൾ ശരീരത്തിലെത്തുന്നത് ഹാനികരം. അമിതമധുരം ഇൻസുലിൻ ഉത്പാദനം കൂട്ടും. തലച്ചോറിന്റെ പ്രവർത്തനത്തിൽ മാറ്റംവരും. ദഹനവ്യൂഹത്തിലെ സൂക്ഷ്മാണുവ്യവസ്ഥയെ തകരാറിലാക്കും.
ലേബൽ വായിച്ചുനോക്കുക
അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ ശീലമാക്കുന്നത് ദോഷമാണ്. അതിനാൽ പരമാവധി ഒഴിവാക്കുക. വല്ലപ്പോഴുമാണ് കഴിക്കുന്നതെങ്കിലും ലേബൽ വായിച്ചുനോക്കി മാത്രം ഉപയോഗിക്കുക. അഞ്ച് ചേരുവയിൽ കൂടുതലുള്ളവ ഒഴിവാക്കുക.
ഡോ. ശ്രീദേവി ജയരാജ്
മുൻ സീനിയർ ഡയറ്റീഷ്യൻ, ഗവ. മെഡിക്കൽ കോളേജ്, കണ്ണൂർ.