ഇഫ്താറിന്റെ തീന്‍മേശയില്‍ വിളമ്പാന്‍ പരിചയപ്പെടുത്തുന്നത് പുഴങ്ങലൊറോട്ടി എന്ന വിഭവമാണ്. ചെറിയ നോമ്പുതുറയ്ക്ക് ഒരുക്കാവുന്ന രുചികരമായ ഈ വിഭവം തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തുന്നത് നജ്മ ഹാഷിം.
ആവശ്യമായ ചേരുവകള്‍: അയക്കൂറ- അഞ്ച് കഷണം, പുഴുക്കല്‍ അരി- 500 ഗ്രാം, ഉള്ളി – അഞ്ച് എണ്ണം, തക്കാളി – രണ്ട് എണ്ണം, തേങ്ങ – രണ്ടെണ്ണം (ചിരവിയത്), തേങ്ങപ്പാല്‍ – ഒന്നാം പാല്‍, രണ്ടാം പാല്‍ എടുത്ത് വെക്കുക (ഒരു തേങ്ങയുടെ പാല്‍), പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – ഒരു കപ്പ്, വെളിച്ചെണ്ണ – അര ലിറ്റര്‍, കറിവേപ്പില – ആവശ്യത്തിന്, പെരുംജീരകം -50 ഗ്രാം, മുളകുപൊടി – ഒരു ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍, ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം: പുഴുക്കലരി കഴുകി വൃത്തിയാക്കി ഇളം ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. കഴുകി വൃത്തിയാക്കിയ അയക്കൂറ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക. അയക്കൂറ പൊരിച്ച എണ്ണയില്‍ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, തക്കാളി, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. വഴറ്റി പാകമാവുമ്പോള്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതത്തിലേക്ക് നേരത്തേ എടുത്തുവെച്ച രണ്ടാം പാല്‍ ഒഴിക്കുക. ഇനി ഒന്നാംപാലില്‍ പെരുഞ്ചീരകം, ഉള്ളി, ചിരവിയ തേങ്ങ എന്നിവ മിക്‌സിയില്‍ ചേര്‍ത്ത് അരച്ചെടുക്കുക. ഇത് നേരത്തേ വഴറ്റിവെച്ച മിശ്രിതത്തിലേക്ക് ഒഴിക്കുക. ഇവ നന്നായി യോജിപ്പിച്ച് കുറുകി വറ്റിയതിനുശേഷം മസാലക്കൂട്ട് വാങ്ങിവെക്കുക.
കുതിര്‍ത്ത്വെച്ച പുഴുക്കലരി, ചിരവിയ തേങ്ങ, പെരുഞ്ചീരകം, ഉള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക. അരച്ചെടുത്ത അരിമാവ് ഒരോ ബോളുകളാക്കി വാഴയിലയില്‍ പരത്തുക. നേരത്തേ തയ്യാറാക്കിയ മസാലക്കൂട്ട് ഇതിന്റെ മുകളില്‍ വെക്കുക. അതിന് മുകളില്‍ പൊരിച്ചെടുത്ത അയക്കൂറ വെക്കുക. അതിനുശേഷം അരിമാവുകൊണ്ട് ഇത് മൂടുക. ഇത് അപ്പചെമ്പില്‍ വെച്ച് ആവിയില്‍ വേവിക്കുക. പുഴങ്ങലൊറോട്ടി റെഡി.
Content Highlights: Puzhungal Orotti special foods Recipe

മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter