മുംബൈ: കട്ടികൂടിയ കുപ്പിയുടെ കഴുത്തിനുള്ളിലൊളിപ്പിച്ച ഗോലിയുമായി വന്നിരുന്ന സോഡ. രണ്ടായിരത്തിന്റെ തുടക്കത്തിൽവരെ വിപണിയിൽ നിറഞ്ഞുനിന്ന ഈ സോഡാക്കുപ്പി ബഹുരാഷ്ട്ര കമ്പനികളുടെ ബഹുവർണ ശീതളപാനീയങ്ങൾക്കുമുന്നിൽ മുട്ടുമടക്കി കടകളിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
പല തലമുറകളുടെ ഗൃഹാതുരത്വം പേറി, ചെറിയ പൊട്ടലും ചീറ്റലുമായി തുറന്നിരുന്ന ഈ സോഡ കാലത്തിനൊപ്പം അണിഞ്ഞൊരുങ്ങി വീണ്ടുമെത്തുകയാണ്. ഇത്തവണ വെറും സോഡയല്ല, അൽപ്പം തലയെടുപ്പോടെയാണ് വരവ്. മൊജീറ്റോ, ലൈം ലെമൺ, മസാല ജീര, ബ്ലൂബെറി എന്നിങ്ങനെ വിവിധ ഇന്ത്യൻ ശീതളപാനീയ രുചിഭേദങ്ങളോടെയാണ് തിരിച്ചെത്തുന്നത്. ഇരിക്കുന്നത് ചെറിയ കടകളിലല്ല, സൂപ്പർമാർക്കറ്റുകളിലാണ്. വിദേശവിപണി പിടിക്കാനും ശ്രമം നടക്കുന്നു.
ഇത് ഇന്ത്യയുടെ സ്വന്തം ഗോലി സോഡ. ‘വട്ടുസോഡ’യെന്നും പ്രാദേശികമായി വിളിച്ചിരുന്നു. ഇന്നിത് ‘ഗോലി പോപ് സോഡ’യാണ്. ഈ പേരിലാണ് വിദേശത്തേക്ക് പറക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ തരംഗമായ ഗോലി പോപ് സോഡ അമേരിക്ക, ബ്രിട്ടൻ എന്നിവയ്ക്കുപുറമെ യൂറോപ്യൻ രാജ്യങ്ങളിലെ വിപണികളിലേക്കുകൂടി വ്യാപിക്കുകയാണ്.
ഫെയർ എക്സ്പോർട്സ് ലിമിറ്റഡുമായി സഹകരിച്ച് കേന്ദ്ര വാണിജ്യമന്ത്രാലയത്തിനുകീഴിലുള്ള കാർഷിക-സംസ്കരിച്ച ഭക്ഷ്യോത്പന്ന കയറ്റുമതി വികസന അതോറിറ്റി(അപെഡ)യാണ് ഇതിന്റെ കയറ്റുമതിക്ക് പ്രോത്സാഹനവുമായി രംഗത്തുവന്നിരിക്കുന്നത്. ഇന്ത്യയുടെ ഗോലി സോഡയെ അന്താരാഷ്ട്ര വിപണിയിൽ താരമാക്കുകയാണ് ലക്ഷ്യം. ഇന്ത്യയിൽ ആമസോൺ, ബിഗ് ബാസ്കറ്റ് പോലുള്ള ഇകൊമേഴ്സ് സൈറ്റുകളിൽ ഗോലി പോപ് സോഡ ഉത്പന്നങ്ങൾ ലഭിച്ചുതുടങ്ങി. മാങ്ങയുടെയും ബ്ലൂബെറിയുടെയും മറ്റും തനതുരുചിയോടെ 40 രൂപമുതൽ ഇത് വാങ്ങാനാകും.