ഭാരം കുറയ്ക്കാനായി പല വഴികളും ശ്രമിക്കുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. നിരവധി ഡയറ്റ് രീതികളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.അത്താഴം ഒഴിവാക്കിയാൽ വേഗത്തില്‍ ഭാരം കുറയുമെന്നത് ഇത്തരത്തില്‍ പ്രചരിക്കുന്ന പ്രധാനപ്പെട്ട തെറ്റിദ്ധാരണകളില്‍ ഒന്നാണ്. നിരവധി പേര്‍ ഈ രീതി പിന്തുടരാറുമുണ്ട്. എന്നാല്‍ അത്താഴം ഒഴിവാക്കുന്നത് ഗുണത്തേക്കാളുപരി ദോഷം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്
ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റായ ഡോ കാര്‍ത്തിക ശെല്‍വി ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കിയത്.
അത്താഴം ഒഴിവാക്കുന്നത് ശരീരത്തിലെ ഗ്ലൂക്കോസ് വ്യതിയാനത്തിന് കാരണമാവുന്നു. തലകറക്കം, സമ്മര്‍ദ്ദം എന്നിവയും അനുഭവപ്പെടും. ശരീരത്തിലെ കോര്‍ട്ടിസോള്‍ കുറയാന്‍ കാരണമാവും. ശരീരത്തിന്റെ ഉപാപചയത്തെ ഇത് താളം തെറ്റിക്കുന്നു. ഇത് ശരീരഭാരം കൂട്ടാനാണ് സഹായിക്കുക- ഡോ കാര്‍ത്തിക ശെല്‍വി പറയുന്നു.
ന്യൂഡല്‍ഹി ശ്രീ ഗംഗ റാം ആശുപത്രിയിലെ സീനിയര്‍ ഡയറ്റീഷ്യന്‍ റാബിയ പറയുന്നത് ദീര്‍ഘകാലത്തേക്ക് ഇങ്ങനെ ചെയ്യുന്നത് പോഷകാഹാര കുറവിലേക്ക് നയിക്കുമെന്നാണ്. ആദ്യത്തെ ചെറിയ കാലഘട്ടത്തില്‍ അത്താഴം ഒഴിവാക്കുമ്പോള്‍ ഭാരം കുറയുന്നത് പോലെ തോന്നുമെങ്കിലും ദീര്‍ഘകാലത്തേക്ക് ശരീരത്തിന് വിപരീതഫലമാണ് നല്‍കുക. മാനസിക നിലയെയും ഇത് ബാധിക്കും. ടൈപ് 1 പ്രമേഹം, ഉത്കണ്ഠ, വിഷാദം എന്നിവയുള്ളവർ ഒരു കാരണവശാലും അത്താഴം ഒഴിവാക്കരുത്- റാബിയ പറയുന്നു.
കിടക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് വളരെ ലഘുവായ ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് വിദഗ്ധർ പറയുന്നു.