ചോറുരുള കഴിക്കുന്ന അരുമകളുടെ വീഡിയോ പലപ്പോഴും സമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. തെന്നിന്ത്യൻ ഭക്ഷണമായ ദോശ കൊതിയോടെ നോക്കി നിൽക്കുന്ന ബട്ടർ എന്ന ഒരു ഗോൾഡൻ റിട്രീവറിൻ്റെ വീഡിയോയാണ് ഇപ്പോൾ ഇത്തരത്തിൽ മൃഗസ്നേഹികൾ ഏറ്റെടുത്തിരിക്കുന്നത്.
സ്കോട്ടിഷ് വേരുകളാണെങ്കിലും തെന്നിന്ത്യൻ വീട്ടിൽ ജനിച്ചാലുള്ള അവസ്ഥ എന്ന അടിക്കുറിപ്പോടെയാണ് butterthegoldennn എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗോൾഡൻ റിട്രീവർ മുന്നിലിരിക്കുന്ന ദോശയിലേക്ക് കൊതിയോടെ നോക്കുന്നത് വീഡിയോയിൽ കാണാം. ഒരു കഷ്ണം ദോശ നാവിൽ വെച്ച് നൽകുമ്പോൾ ആസ്വദിച്ച് കഴിക്കുന്നതും കാണാം.
ഇതാണ് യഥാർത്ഥ ദോശപ്രേമിയെന്നും അടുത്തിടെ തൻ്റെ ലാബ്രഡോറിന് ദോശ നൽകിയപ്പോൾ ലഭിച്ച പ്രതികരണവും ഞെട്ടിക്കുന്നതാണെന്നും കമൻ്റുകളുണ്ട്.
വളർത്തുമൃഗങ്ങൾക്ക് ഇത്തരത്തിൽ വീട്ടിലെ ഭക്ഷണങ്ങൾ നൽകുന്നതിനെ പറ്റിയുള്ള ചർച്ചകൾക്കും വീഡിയോ വഴിതെളിച്ചിട്ടുണ്ട്. അരുമകൾക്ക് നൽകാനായി ഉപ്പിടാത്ത ദോശ മാവ് പ്രത്യേകം തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും അവ അത് ആസ്വദിച്ച് കഴിക്കാറുണ്ടെന്നും ഒരാൾ അഭിപ്രായപ്പെട്ടു.
