അമിതമായി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കണമെന്ന് പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകും അല്ലേ? എന്തുകൊണ്ടാണിതെന്ന് അറിയാമോ? ശ്രദ്ധിച്ചുനോക്കിയാല്‍ അരിയടങ്ങിയ ഭക്ഷണമാണ് നമ്മുടെ വീടുകളില്‍ തയ്യാറാക്കുന്ന മിക്കവയും എന്ന് കാണാം. കാര്‍ബോഹൈഡ്രേറ്റ് ശരീരത്തിന് ആവശ്യമാണെങ്കിലും അധികമാകാന്‍ പാടില്ല. അമിതമായി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തില്‍ എന്തൊക്കൊണ് സംഭവിക്കുന്നത് എന്ന് നോക്കാം.
തുടര്‍ച്ചയായി വിശപ്പ് തോന്നുന്നു
ചോറ്, ബ്രഡ്ഡ് തുടങ്ങിയ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളെല്ലാം ബ്ലഡ് ഷുഗര്‍ വര്‍ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ തുടര്‍ച്ചയായി വിശപ്പ് തോന്നുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ ഫൈബറും പ്രോട്ടീനുമെല്ലാമുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. സമീകൃതാഹാരമാണ് ശരീരത്തിനാവശ്യം.
ഊര്‍ജം ഇല്ലാതാകുന്നു
ആവശ്യത്തിന് പോഷകഘടകങ്ങളില്ലാത്ത, കാര്‍ബോഹൈഡ്രേറ്റ് കൂടുതലടങ്ങിയ ഭക്ഷണം ബ്ലഡ് ഷുഗര്‍ കൂട്ടുന്നതിനാല്‍ പെട്ടെന്ന് ഊര്‍ജം ലഭിക്കുകയും അല്‍പനേരംകൊണ്ടുതന്നെ അത് നഷ്ടപ്പെടുകയും ചെയ്യും. ഇത് ബ്രെയിന്‍ ഫോഗിനും ഉറക്കംതൂങ്ങുന്നതിനും കാരണമാകുന്നു. മാത്രമല്ല മൂഡ് മാറുകയും ഉത്കണ്ഠ തോന്നുകയും ചെയ്‌തേക്കാം.
ശരീരഭാരം കൂടുന്നു
മധുരവും മൈദയുമടങ്ങിയ ഭക്ഷണങ്ങള്‍, അരിഭക്ഷണം എന്നിവ കൂടുതല്‍ കഴിക്കുന്നത് ശരീരഭാരം കൂട്ടും. കാര്‍ബോഹൈഡ്രേറ്റ് ഫാറ്റായി ശരീരത്തില്‍ സംഭരിക്കപ്പെടുന്നതുകൊണ്ടാണിത്. എന്നാല്‍ ഇക്കാരണത്താല്‍ കാര്‍ബ്‌സ് അടങ്ങിയ ഭക്ഷണം പൂര്‍ണമായും ഒഴിവാക്കേണ്ടതില്ല. നിയന്ത്രണവിധേയമാക്കുക എന്നതാണ് പ്രധാനം.
ചര്‍മം നല്‍കുന്ന സൂചനകള്‍
കാര്‍ബ്‌സ് അടങ്ങിയ ഭക്ഷണം അമിതമായി ശരീരത്തിലെത്തുമ്പോള്‍ ഹോര്‍മോണ്‍ വ്യതിയാനമുണ്ടാകുന്നു. അത് ചര്‍മത്തില്‍ മാറ്റങ്ങള്‍ വരുത്തും. ചര്‍മത്തിന്റെ നിറം മങ്ങാനും മുഖക്കുരു ഉണ്ടാകാനും കാരണമാകും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
