പലരുടേയും ഇഷ്ടവിഭവമാണ് ബട്ടര്‍ ചിക്കന്‍. രുചിയൂറുന്ന ബട്ടര്‍ ചിക്കന്‍ കഴിക്കാന്‍ മിക്കവരും റസ്റ്ററന്റുകളെയാണ് ആശ്രയിക്കാറുള്ളത്. കൊഴുപ്പടങ്ങിയ ഭക്ഷണം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർ പലപ്പോഴും ബട്ടര്‍ ചിക്കൻെറ മുന്നിൽ മുട്ടുമടക്കാറുണ്ട്. എന്നാൽ കൊഴുപ്പ് കുറഞ്ഞ രീതിയിൽ ഇത് വീട്ടില്‍തന്നെ തയ്യാറാക്കാവുന്നതേയുള്ളു. അതും ബട്ടര്‍ ഇല്ലാതെ. ബട്ടര്‍ ഇല്ലാതെ ബട്ടര്‍ ചിക്കന്‍ തയ്യാറാക്കാന്‍ എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.
വെണ്ണയ്ക്ക് പകരം മറ്റ് എണ്ണകള്‍ ഉപയോഗിക്കാം
ബട്ടര്‍ ചിക്കന്‍ ഉണ്ടാക്കാന്‍ വെണ്ണ ഉപയോഗിക്കുന്നതിന് പകരം സണ്‍ഫ്ളവര്‍ ഓയില്‍, കടുകെണ്ണ എന്നിവ ഉപയോഗിക്കാം. ഇത് ബട്ടര്‍ ചിക്കനിലെ മസാലയ്ക്ക് രുചിയേകുന്നു. കടുപ്പമേറിയ രുചിക്ക് കടുകെണ്ണയോ ഒലിവ് എണ്ണയോ ഉപയോഗിക്കാം. ഓരോ ടേബിള്‍ സ്പൂണ്‍ വെണ്ണയ്ക്കും ഒന്നര ടേബിള്‍ സ്പൂണ്‍ ഓയിലാണ് ഉപയോഗിക്കേണ്ടത്.
കശുവണ്ടിപ്പരിപ്പ്, ബദാം എന്നിവ ചേര്‍ത്ത കുഴമ്പ്
കുഴമ്പ് രൂപത്തില്‍ കാണപ്പെടുന്ന ബട്ടര്‍ ചിക്കന്റെ രുചി അപാരമാണല്ലോ. വെണ്ണയ്ക്ക് മാത്രമല്ല കശുവണ്ടിപ്പരിപ്പ്, ബദാം എന്നിവ അരച്ച് ചേര്‍ക്കുന്നതു വഴിയും ബട്ടര്‍ ചിക്കന്റെ കുഴമ്പുരൂപം നിലനിര്‍ത്താന്‍ കഴിയും. ഇതിനായി 10-15 മിനിറ്റ് സമയത്തേക്ക് കശുവണ്ടിപ്പരിപ്പോ ബദാമോ ചൂടുവെള്ളത്തില്‍ കുതിര്‍ത്തശേഷം അരച്ചെടുക്കാവുന്നതാണ്. ഇതിലേക്ക് തക്കാളി സോസു ചേര്‍ത്തിളക്കി ഗ്രേവിക്ക് കട്ടികൂട്ടാം.
ചിക്കനില്‍ മസാല പുരട്ടിവെക്കുക
യോഗട്ട്, നാരങ്ങ, ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത പേസ്റ്റ്, മഞ്ഞള്‍, മുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ത്ത് ചിക്കന്‍ മാറ്റിവെക്കുക. ഇത് ഗ്രില്‍ ചെയ്തെടുത്തശേഷം പാചകം ചെയ്യുമ്പോള്‍ വെണ്ണ ചേര്‍ത്ത കറിക്കുള്ള അതേ രുചിയും രൂപവും നല്‍കും.
കോക്കനട്ട് ക്രീം
കോക്കനട്ട് ക്രീം ചേര്‍ക്കുന്നത് ബട്ടര്‍ചിക്കന്‍ കൂടുതല്‍ കുഴമ്പുപോലുള്ളതായി തോന്നിക്കും. ഇതിന്റെ മധുരം കറിയുടെ രുചി വര്‍ധിപ്പിക്കുന്നു. കോക്കനട്ട് ക്രീമിന് പകരം സോയാ ക്രീമോ, ഓട്സ് ക്രീമോ ഉപയോഗിക്കാവുന്നതാണ്.
കസൂരി മേത്തി ചേര്‍ക്കുക
കസൂരി മേത്തി സോസിനൊപ്പം ചേര്‍ക്കുന്നത് ബട്ടര്‍ചിക്കന്‍ നല്ല മണം നല്കുന്നു. ചെറിയ നുള്ള് പഞ്ചസാരയോ തേനോ ചേര്‍ക്കുന്നത് തക്കാളിയുടെ അമ്ലത പാകമാക്കുകയും ചെറിയ മധുരം നല്‍കുകയും ചെയ്യും.
ബട്ടര്‍ ചിക്കന്‍ ഉണ്ടാക്കി നോക്കിയാലോ?
ചേരുവകള്‍
ചിക്കന്‍ – ഒരു കിലോ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടേബിള്‍ സ്പൂണ്‍
കാശ്മീരി മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
സവാള – ഒന്ന്
തക്കാളി – 2 എണ്ണം
കശുവണ്ടി – 15
വിനാഗിരി – അര ടീസ്പൂണ്‍
പഞ്ചസാര -അര ടീസ്പൂണ്‍
ഗരം മസാല – അരടീസ്പൂണ്‍
ഫ്രഷ് ക്രീം – 1 ടേബിള്‍ സ്പൂണ്‍
കസൂരി മേത്തി – ആവശ്യത്തിന്
മല്ലിയില – ഒരു തണ്ട്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ കഴുകി വൃത്തിയാക്കിയതില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നീ ചേരുവകള്‍ പുരട്ടി അര മണിക്കൂര്‍ മാരിനേറ്റ് ചെയ്യാനായി വെക്കുക. പാനില്‍ ഓയില്‍ ഒഴിച്ച് സവാള വഴറ്റുക. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളിയും കശുവണ്ടിയും ചേര്‍ത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പും അര ടീസ്പൂണ്‍ പഞ്ചസാരയും കൂടി ചേര്‍ക്കാവുന്നതാണ്. തക്കാളി ഉടഞ്ഞു തുടങ്ങുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരിയും ചേര്‍ക്കുക.
മുളകുപൊടിയും ഗരം മസാലയും ചേര്‍ത്ത് മസാലയുടെ പച്ചമണം മാറിയാല്‍ ചട്ടിയിറക്കി വെക്കുക. ഇത് ചൂടാറിയ ശേഷം മിക്സിയില്‍ നന്നായി അരച്ചെടുക്കുക. വീണ്ടും പാന്‍ അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ ഓയില്‍ ചേര്‍ക്കുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് ഫ്രൈ ചെയ്തെടുക്കുക. പകുതി ഫ്രൈ ആയി കഴിഞ്ഞാല്‍ മിക്സിയില്‍ അരച്ചെടുത്ത ഈ മിശ്രിതം ചേര്‍ക്കുക. ഇത് തിളച്ചു വരുമ്പോള്‍ മുകളിലായി ഫ്രഷ് ക്രീമും കസൂരി മേത്തിയും മല്ലിയിലയും വിതറികൊടുക്കാം. രുചികരമായ ബട്ടര്‍ ചിക്കന്‍ റെഡി ആവശ്യമനുസരിച്ച് വിളമ്പാം.
