ആലപ്പുഴ: വില കുതിക്കുന്നതിനിടെ നിലവാരം കുറഞ്ഞ വെളിച്ചെണ്ണ വിപണിയില്‍ വ്യാപിക്കുന്നുവെന്ന് ആക്ഷേപം. കുറഞ്ഞ വിലയ്ക്ക് നിലവാരം കുറഞ്ഞ വെളിച്ചെണ്ണ വിപണിയിലെത്തിച്ച് ലാഭമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നു.
കൊപ്രയാട്ടുമ്പോള്‍ കിട്ടുന്ന പിണ്ണാക്കില്‍നിന്നു വീണ്ടും എണ്ണ ഉത്പാദിപ്പിച്ച് നല്ല വെളിച്ചെണ്ണയില്‍ ചേര്‍ത്തു വില്‍ക്കുകയാണ്. രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തു ശുദ്ധീകരിച്ചെടുക്കുന്ന ഈ വെളിച്ചെണ്ണ ഭക്ഷ്യയോഗ്യമല്ല. വ്യാവസായികാവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. 100 കിലോ പിണ്ണാക്കില്‍നിന്ന് എട്ടുമുതല്‍ ഒന്‍പതുവരെ കിലോ വെളിച്ചെണ്ണ ലഭിക്കും.
ഇതു കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകും. മോശം കൊപ്രയില്‍ ആട്ടിയെടുക്കുന്ന ഗുണമേന്മയില്ലാത്ത വെളിച്ചെണ്ണ നല്ല വെളിച്ചെണ്ണയില്‍ കലര്‍ത്തി വില്‍ക്കുന്നവരുമുണ്ടെന്ന് മില്ലുടമകള്‍ ചൂണ്ടിക്കാട്ടുന്നു. അനുദിനം വെളിച്ചെണ്ണവില കൂടുമ്പോള്‍ കുറഞ്ഞവിലയ്ക്ക് ലഭിക്കുമെന്നതിനാല്‍ ഇതു വാങ്ങിയുപയോഗിക്കുന്നവരുണ്ട്.
കൊള്ളലാഭത്തിനായി നിലവാരം കുറഞ്ഞ വെളിച്ചെണ്ണ വിപണിവിലയില്‍ വില്‍ക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. മായംകലര്‍ന്ന വെളിച്ചെണ്ണ നേരത്തേയും വിപണിയിലെത്താറുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ വ്യാപകമാണെന്നാണ് ഇവര്‍ പറയുന്നത്. പരിശോധന നടക്കുന്നുണ്ടെങ്കിലും നടപടികളുണ്ടാകുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
എന്നാല്‍, നിലവാരം കുറഞ്ഞ വെളിച്ചെണ്ണ കുറച്ചുനാളായി വിപണിയിലെത്തുന്നില്ലെന്ന് ആലപ്പുഴ ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ വൈ.ജെ. സുബിമോള്‍ പറഞ്ഞു. പരിശോധനയില്‍ ഇത്തരം വെളിച്ചെണ്ണകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പതിവു പരിശോധന തുടരുമെന്നും അവര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിക്കു കത്തുനല്‍കും
നാളികേരം, കൊപ്ര, സിഎന്‍ ഓയില്‍, നാളികേരത്തില്‍നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി തത്കാലത്തേക്കു നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും കത്തുനല്‍കും.
നിലവില്‍ മുഖ്യമന്ത്രി, മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ്, ജി.ആര്‍. അനില്‍ എന്നിവര്‍ക്കു കത്തുനല്‍കിയിട്ടുണ്ട്. നാളികേരത്തിന്റെയും കൊപ്രയുടെയും ഇവയില്‍നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുടെയും കയറ്റുമതിയില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.
ഫിലിപ്പീന്‍സ്, ഇന്‍ഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നു നാളികേരവും കൊപ്രയും ഇറക്കുമതിചെയ്യാനുള്ള നിയന്ത്രണങ്ങളൊഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Kerala`s Coconut Oil Market Flooded with Low-Quality Oil
മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter
