ട്രെൻ്റ് സെറ്ററായി എത്രയേറെ മധുരപലഹാരങ്ങൾ വന്നലും ചോക്ലേറ്റിൻ്റെ തട്ട് താണുതന്നെയിരിക്കും. ഇത്രയധികം ജനപ്രിയമായ ഒരു വിഭവം ലോകത്തില്‍ വേറെ ഉണ്ടാവില്ല. ചിലർക്ക് ചെറുപ്പം മുതലേയുള്ള കൊതിയാണെങ്കിൽ ഒരു കൂട്ടർക്ക് മൂഡ് സ്വിങ്ങിൽനിന്നുള്ള രക്ഷനേടലാണ്. ഇന്ന് മൂഡ് അത്ര ഓക്കെയായിരുന്നില്ല, രണ്ട് ഡബ്ബ ചോക്ലേറ്റ് ഐസ്ക്രീം മേടിച്ചുവെന്നും മൂഡ് സ്വിങ് മാറാൻ ഒരു ചോക്ലേറ്റ് വാങ്ങിക്കൊടുത്താൽ മതിയെന്നുമൊക്കെ നമ്മൾ സ്ഥിരമായി കേൾക്കുന്ന സംഭാഷണങ്ങളിലെല്ലാം താരമാണ് ചോക്ലേറ്റ്. 2009 മുതൽ ഈ മായാമധുരത്തെ ആഘോഷിക്കാനായി ജൂലൈ ഏഴ് എന്ന ദിവസത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. 1550-ൽ ചോക്ലേറ്റ് ആദ്യമായി യൂറോപ്പിൽ എത്തിയതിന്റെ വാർഷികമായാണ് ഈ ദിനം ആഘോഷിക്കുന്നത്. സ്പാനിഷ് പര്യവേഷകനായ ഹെർനാൻ കോർട്ടസാണ് അമേരിക്കയിൽ നിന്ന് കൊക്കോ ബീൻസ് സ്പെയിനിലേക്ക് എത്തിക്കുന്നത്.
കേക്ക്, ഐസ്ക്രീം, കുക്കി, മിഠായി, പിസ്സ, ഷേക്ക്… എന്ത് രൂപത്തില്‍ വേണമെങ്കിലും ലഭിക്കുന്ന ആരോഗ്യത്തിനും മനസ്സിനും നല്ലതായ മറ്റൊരു വിഭവം വേറെ ഏതുണ്ടാവും. ചോക്ലേറ്റിന് വേണ്ടി അടിപിടി കൂടാത്ത ഒരു കുട്ടിക്കാലം പോലും പലര്‍ക്കും ഉണ്ടാവില്ല. ചോക്ലേറ്റിന് വേണ്ടി വാശിപിടിക്കാത്ത കുട്ടികളും അപൂര്‍വമാകും. വലിയ തയ്യാറെടുപ്പുകൾ ഇല്ലാതെ വീട്ടിൽതന്നെ പരീക്ഷിക്കാവുന്ന ചില ചോക്ലേറ്റ് റെസിപ്പികൾ നോക്കിയാലോ..
ചോക്കോ കൊക്കോ ക്രിസ്മസ് ബോള്‍സ്
- പ്ലെയിന്‍ സ്വീറ്റ് ബിസ്ക്കറ്റ്- 250 ഗ്രാം
- ഡാര്‍ക്ക് ചോക്ലേറ്റ്- 180 ഗ്രാം
- സ്വീറ്റന്‍ഡ് കണ്ടന്‍സ്ഡ് മില്‍ക്ക്- 395 ഗ്രാം
- തേങ്ങാപ്പീര- ഒന്നരകപ്പ്
- ചുവന്ന ചെറി, കഷണങ്ങളാക്കിയത്- 100 ഗ്രാം
ഒരു ട്രേയില്‍ ബിസ്ക്കറ്റ് പൊടിച്ചെടുക്കുക. ഇത് ബൗളിലേക്ക് മാറ്റുക. ചോക്ലേറ്റ് മീഡിയം ചൂടില്‍ ഒന്നോ രണ്ടോ മിനിറ്റ് ഓവനില്‍ വച്ച് ഉരുക്കിയെടുക്കുക. ഇനി ബിസ്ക്കറ്റ് പൊടിയിലേക്ക് ഉരുക്കിയ ചോക്ലേറ്റ്, കണ്ടന്‍സ്ഡ് മില്‍ക്ക്, അരക്കപ്പ് തേങ്ങ, ചെറി എന്നിവ ചേര്‍ത്ത് ഇളക്കുക. ഓരോ ടേബിള്‍സ്പൂണ്‍ മിശ്രിതം വീതം എടുത്ത് ഉരുളകളാക്കി ബാക്കി വന്ന തേങ്ങാപ്പീരയില്‍ മുക്കി സെര്‍വിങ് ട്രേയില്‍ നിരത്താം.
ചോക്ലേറ്റ് മഗ് കേക്ക്
ഒരു കപ്പിൽ മാവ്, കൊക്കോ പൗഡർ, പഞ്ചസാര, പാൽ, എണ്ണ, ഒരു നുള്ള് ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. മൈക്രോവേവിൽ 1-2 മിനിറ്റ് വെച്ച് ചൂടാക്കിയെടുത്താൽ മഗ് കേക്ക് റെഡി.
നോ-ബേക്ക് ചോക്ലേറ്റ് ഓട്സ് കുക്കീസ്
ഓട്സ്, പീനട്ട് ബട്ടർ, കൊക്കോ പൗഡർ, തേൻ എന്നിവ ഒരു പാത്രത്തിൽ ഒഴിച്ച് കുഴച്ച് ചെറിയ കുക്കീസ് ആകൃതിയിൽ രൂപപ്പെടുത്തി ഫ്രിഡ്ജിൽ വയ്ക്കുക. ബേക്ക് ചെയ്യാതെ തന്നെ തയ്യാറാക്കാവുന്ന ഈ കുക്കീസ് കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകും.
ചോക്ലേറ്റ് ബാർക്ക്
മെൽറ്റഡ് ചോക്ലേറ്റ് ഒരു ബേക്കിംഗ് ഷീറ്റിൽ ഒഴിച്ച്, അതിനുമുകളിൽ നട്സ്, ഡ്രൈഫ്രൂട്ട്സ്, മിഠായികൾ എന്നിവ വിതറാം. കഷണങ്ങളാക്കി മുറിക്കാനാകുന്ന പാകമാകുന്നതുവരെ ഫ്രിഡ്ജിൽവെച്ച് തണുപ്പിച്ചെടുക്കാം.
കോക്കനട്ട് ചേക്ലേറ്റ്
- ഡെസിക്കേറ്റഡ് കോക്കനട്ട്- രണ്ട് കപ്പ്
- തേന്‍- നാല് ടേബിള്‍സ്പൂണ്‍
- വെളിച്ചെണ്ണ- അഞ്ച് ടേബിള്‍സ്പൂണ്‍
- വാനില- ഒരു ടീസ്പൂണ്‍
- ഡാര്‍ക്ക് ചോക്ലേറ്റ്- 130 ഗ്രാം
തയ്യാറാക്കുന്ന വിധം
ഡെസിക്കേറ്റഡ് കോക്കനട്ട് ഒരു ബ്ലെന്‍ഡറിലിട്ട് ഒന്നടിക്കുക. അതൊരു ബൗളിലേക്ക് മാറ്റി, തേനും വെളിച്ചെണ്ണയും വാനിലയും ചേര്‍ക്കുക. എന്നിട്ട് നന്നായി യോജിപ്പിക്കുക. ഈ കൂട്ടില്‍നിന്ന് ഓരോ ഉരുളകളുരുട്ടി വെക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി, 30 മിനിറ്റ് ഫ്രിഡ്ജില്‍ വെക്കണം. ഓവനില്‍ ഡാര്‍ക്ക് ചോക്ലേറ്റ് ഉരുക്കുക. ഓരോ കോക്കനട്ട് ഉരുളകളും ചോക്ലേറ്റില്‍ മുക്കിയെടുത്ത് ലൈന്‍ ചെയ്ത ബേക്കിങ് ഷീറ്റില്‍ നിരത്തുക. അതിനുമുകളില്‍ ചോക്ലേറ്റ് ഉരുക്കിയതൊഴിച്ച് ഫ്രിഡ്ജില്‍ വെക്കാം.
ദൈവത്തിന്റെ ഭക്ഷണം ( ഫുഡ് ഓഫ് ദ് ഗോഡ്)
35000 വര്‍ഷം നീണ്ട രൂപമാറ്റത്തിനു ശേഷമാണ് നമ്മള് ഇന്നു കാണുന്ന മധുരമുള്ള ചോക്ളേറ്റ് എന്ന ഭക്ഷ്യയോഗ്യമായ രൂപത്തിലേക്ക് വെറും കൊക്കോ കുരു മാത്രമായിരുന്ന കൊക്കോ എത്തിയത്. മായന്‍ വംശജരാണ് കൊക്കോ പരിപ്പ് ആദ്യമായി ഉപയോഗിച്ചത്.
ഫുഡ് ഓഫ് ദ് ഗോഡ് എന്നറിയപ്പെട്ടിരുന്ന ഒരു പാനീയമായിരുന്നു എ.ഡി 400-ല്‍ കൊക്കോയുടെ ആദ്യ രൂപം. ഉണക്കിയ കൊക്കോ പൊടിച്ച ശേഷം പട്ടയും കുരുമുളകും ചേര്‍ത്ത് വെള്ളത്തില്‍ അലിയിച്ച് കുടിക്കുകയായിരുന്നു പതിവ്. സ്വാദിനേക്കാളുപരി അതിതീവ്രമായ സുഗന്ധമായിരുന്നു ഈ പാനീയത്തിന്റെ പ്രധാന ആകര്‍ഷണം. വിപണിയില്‍ ഡാര്‍ക്ക് ചോക്ക്ളേറ്റിനും ഏറെ ആരാധകരുള്ള കാലത്ത് മധുരത്തിനായി ചോക്ലേറ്റില്‍ പഞ്ചസാരയും തേനും ചേര്‍ത്തുതുടങ്ങിയത് എ.ഡി. 1530 മുതലാണെന്നതും കൗതുകമാണ്.
എ.ഡി. 1680 ആയപ്പോള്‍ ആഫ്രിക്കയിലും അമേരിക്കയിലുമെല്ലാം കൊക്കോ തോട്ടങ്ങള്‍ വളരാന്‍ തുടങ്ങി. ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന ലൂയി പതിമ്മൂന്നാമന്റെ വിവാഹസത്ക്കാര വേളയില്‍ അദ്ദേഹത്തിന് ചോക്ലേറ്റ് സമ്മാനമായി ലഭിച്ചതോടെയാണ് യൂറോപ്പില്‍ ചോക്ലേറ്റിന് പ്രശസ്തി വര്‍ദ്ധിച്ചുതുടങ്ങിയത്. എ.ഡി. 1600-ല്‍ ആയിരുന്നു അത്.
എ.ഡി. 1828-ല്‍ കൊക്കോ പ്രസ് കണ്ടുപിടിച്ചതോടെയാണ് എല്ലാവര്ക്കും കൂടുതല്‍ രുചികരവും ഗുണമേന്മയുമുള്ള ചോക്ലേറ്റ് ലഭിക്കാന്‍ തുടങ്ങിയത്. കൊക്കോ പരിപ്പില്‍നിന്ന് കൊക്കോ ബട്ടര്‍ കളഞ്ഞ് ഗുണമേന്മയുള്ള കൊക്കോ പൗഡര്‍ നിര്‍മിക്കാന്‍ സഹായിച്ചത് കൊക്കോ പ്രസ് എന്ന ഉപകരണമായിരുന്നു.
ബ്രിട്ടനില്‍ ആദ്യത്തെ ചോക്ലേറ്റ് ബാര്‍ നിര്‍മിച്ചത് എ.ഡി. 1847-ല്‍ ആയിരുന്നു. എ.ഡി. 1880ല്‍ ആണ് ചോക്ലേറ്റ് ഉത്പന്നങ്ങളുടെ പരസ്യം ആദ്യമായി പുറത്തുവന്നത്. അസ്ടെക് വംശജര്‍ (എ.ഡി. 1400) കൊക്കോ പരിപ്പ് കറന്‍സിയായി ഉപയോഗിച്ചിരുന്നു. എ.ഡി. 1519 മുതല്‍ സ്പെയിനില്‍ ചോക്ലേറ്റ് പരിചിതമായി തുടങ്ങി.
ഡാര്‍ക്ക് ചോക്ളേറ്റ്, ഹേസല്‍നട്ട് അടങ്ങുന്ന ജിയന്ഡുഓ ചോക്ളേറ്റ്, മില്‍ക്ക് ചോക്ളേറ്റ്, വൈറ്റ് ചോക്ളേറ്റ് എന്നിവയാണ് പ്രധാനപ്പെട്ട ചോക്ളേറ്റ് വകഭേദങ്ങള്‍.
.jpg?$p=a4d2001&f=16x9&w=1080&q=0.8)