ജീവിതത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകാത്ത ചില ശീലങ്ങളുണ്ടാകാം. ചെറുപ്പം മുതലേ നാവിന് പരിചിതമായ രുചികളാണ് അതില്‍ ചിലത്. നാവിനിണങ്ങിയ ഏറ്റവും പ്രിയപ്പെട്ട ചായ ആദ്യ കവിളില്‍ തന്നെ നാവ് തിരിച്ചറിയും. അതാണ് ചായയുടെ ഗുട്ടെന്സ്. വെറും ശീലത്തിന്റെ പുറത്ത് ചായ കുടിക്കുന്നവരെ പോലെയല്ല യഥാര്‍ത്ഥ ചായ പ്രേമികള്‍. കടുപ്പവും മധുരവും വെള്ളവും പാലും ചൂടുമൊക്കെ കൃത്യമായി കിട്ടുന്ന ഒരു ചായ മൂഡ് തന്നെ മാറ്റി കളയും.
നാട്ടിലെ ചായ പ്രേമികള്‍ക്ക് വിദേശത്തു പോകേണ്ടി വന്നാലോ! നാട്ടില്‍ കുടിക്കുന്ന ചായയുടെ രുചി മാറാതിരിക്കാന്‍ നാട്ടിലെ തേയില കൊണ്ടുപോകുന്നവർ വരെയുണ്ട്. വിദേശിയായ തന്റെ പങ്കാളി ഏറ്റവും പ്രിയപ്പെട്ട മസാല ചായ ഉണ്ടാക്കുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ സ്വദേശിയായ സ്വാതി എന്ന ട്രാവൽ വ്ലോഗർ.
ലോകത്തിന്റെ ഏതു കോണിലാണെങ്കിലും വൈകിട്ട് നാലു മണിയായാല്‍ ചായ ഉണ്ടാകുമെന്നും ആംസ്റ്റര്‍ഡാമില്‍ നിന്നു വാങ്ങിയ ഇഞ്ചിയും ഏലക്കയുമാണ് ഉപയോഗിക്കുന്നതെന്നും വീഡിയോയില്‍ യുവതിയുടെ ഭർത്താവ് പറയുന്നുണ്ട്. ഏറെ യാത്രകൾ ചെയ്യുന്നവരാണ് ഇരുവരും.
മസാല ചായ രുചിച്ച് മികച്ചതാണെന്ന അഭിനന്ദനവും ഭർത്താവിന് നൽകുന്നുണ്ട്. തന്റെ ഇന്ത്യന്‍ സ്വത്വത്തിൽ ചായയ്ക്ക് വലിയ പങ്കുണ്ടെന്നും ഭര്‍ത്താവ് അത് മനസ്സിലാക്കുന്നുണ്ടെന്നും കുറിച്ചാണ് സ്വാതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഡൽഹി സ്വദേശിയായ സ്വാതി കഴിഞ്ഞ മൂന്ന് വർഷമായി ആംസ്റ്റര്‍ഡാമിലാണ് താമസിക്കുന്നത്.
