ഫൈബര്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നീ പോഷകങ്ങള്‍ അടങ്ങിയത് കാരണം ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നവരുടെ ഇഷ്ടപ്പെട്ട പഴങ്ങളാണ് ആപ്പിളും വാഴപ്പഴവും. എന്നാല്‍ ഇവയുടെ സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് അധികം ആഘോഷിക്കപ്പെടാത്ത ചെറുനാരങ്ങ. വില്യം പാറ്റേഴ്സണ്‍ യൂണിവേഴിസിറ്റി നടത്തിയ പഠനത്തിലാണ് ആരോഗ്യബോധമുള്ളവരുടെ ഇഷ്ടഭക്ഷണത്തില്‍ ചെറുനാരങ്ങയുടെ പ്രാധാന്യത്തേക്കുറിച്ച് പറയുന്നത്.
വിവിധ ആരോഗ്യ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നാല്‍പ്പത്തിയൊന്ന് പഴങ്ങളില്‍ നടത്തിയ പഠനത്തിന് ശേഷമാണ് ചെറുനാരങ്ങയെ ഏറ്റവും മികച്ച പഴമായി ഗവേഷകര്‍ അംഗീകരിച്ചത്. മറ്റുള്ള പഴങ്ങളെ അപേക്ഷിച്ച് ചെറുനാരങ്ങ ചെറുതും പുളിയുള്ളതുമാണെങ്കിലും പോഷകഗുണങ്ങളില്‍ മുന്‍പന്തിയിലാണ്. വിറ്റാമിന്‍ സി, ലയിക്കുന്ന ഫൈബറുകള്‍, ഫ്ലേവനോയിഡുകള്, മറ്റ് സസ്യ സംയുക്തങ്ങള്‍ എന്നീ ഘടകങ്ങളുടെ സാന്നിധ്യമാണ് ചെറുനാരങ്ങയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. പ്രതിരോധശേഷി, ദഹനം, ഹൃദയസംബന്ധമായ രോഗങ്ങളെ ചെറുക്കുക എന്നിവയ്ക്കും ചെരുനാരങ്ങ നല്ലതാണ്.
ആന്റിമൈക്രോബിയലുകള്‍ അടങ്ങിയതും കാന്‍സറിനെ ചെറുക്കാന്‍ കഴിവുമുള്ള ലിമണീനുകളാല്‍ സമ്പുഷ്ടമാണ് ചെറുനാരങ്ങയുടെ തൊലി. പലപ്പോഴും ഉപയോഗമില്ല എന്ന് പറഞ്ഞ് ഒഴിവാക്കുന്ന തൊലി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സ്വാദ് വര്‍ധിപ്പിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ഫ്ലേവനോയിഡുകളുടെ സാന്നിധ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു.
ചെറുനാരങ്ങയുടെ പുളി രുചി ഇഷ്ടമില്ലാത്തവര്‍ക്കും പല രീതിയില്‍ ഇവ ദൈനംദിന ജീവിതത്തിലെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.
- രാവിലെ ചൂടു വെള്ളത്തില്‍ ചെറുനാരങ്ങയുടെ നീരും കുറച്ച് തേനും കൂടി കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്.
- സാലഡുകളിലും സൂപ്പുകളിലും കുറച്ച് ചെറുനാരങ്ങനീര് ഒഴിക്കുന്നത് സ്വാദ് വര്‍ധിപ്പിക്കുകയും പോഷകമൂല്യം ഉയര്‍ത്തുകയും ചെയ്യുന്നു.
- ചെറുനാരങ്ങയുടെ തൊലി ചുരണ്ടി അത് ഭക്ഷണത്തിലും മധുരപലഹാരങ്ങളിലും ചേര്‍ക്കുന്നത് രുചിക്കും ആന്റിഓക്സിഡന്റുകള്‍ ലഭിക്കുന്നതിനും നല്ലതാണ്.
ധാരാളം ഗുണങ്ങള്‍ ഉണ്ടെങ്കിലും വെറും വയറ്റില്‍ ചെറുനാരങ്ങയുടെ നീര് മാത്രമായി കഴിക്കുന്നത് ഗവേഷകര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഇങ്ങനെ ചെയ്യുന്നത് അസിഡിറ്റിക്ക് കാരണാമാകും. ദഹനത്തിന്റെ പ്രശനമുള്ളവര്‍ ചെറുനാരങ്ങ സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് ആരോഗ്യ വിദഗ്ദന്റെ അഭിപ്രായം ചോദിക്കണം.
.jpg?$p=1f1850c&f=16x9&w=1080&q=0.8)