ആവിയിൽ പുഴുങ്ങി എടുക്കുന്ന വിഭവങ്ങളുടെ ഗുണവും രുചിയും നമുക്കറിയാവുന്ന കാര്യമാണ്. പ്രാതൽ പലഹാരങ്ങളോ മധുരപലഹാരങ്ങളോ വിവിധ തരം കിണ്ണത്തപ്പങ്ങളോ ആവട്ടെ, എല്ലാം നമ്മൾ ആസ്വദിച്ചു കഴിക്കും.
ഇന്നത്തെ വിഷയം കിണ്ണത്തപ്പങ്ങളുടെ ആവട്ടെ. മധുരം തുളുമ്പുന്ന കിണ്ണത്തപ്പങ്ങളാണ് പൊതുവെ നമ്മൾ കണ്ടുവരാറുള്ളത്. അരിപ്പൊടിയും, കൂവപ്പൊടിയും, മുത്താറിയും, ഗോതമ്പും, നുറുക്ക് ഗോതമ്പുമൊക്കെ ഇതുപോലെ മധുരം തുളുമ്പുന്ന കിണ്ണത്തപ്പങ്ങളായി നമ്മുടെ പ്രിയ രുചികളായി മാറാറുണ്ട്. എന്നാൽ കൊങ്കണികൾ ഇവയ്‌ക്കൊപ്പം തന്നേ ആഘോഷിക്കുന്ന മറ്റൊരു രുചിയാണ് നല്ല എരിവും ഒരല്പം പുളിയുമൊക്കെ ഉള്ള ‘സന്നാ മുദ്ദോ ‘ അല്ലെങ്കിൽ ‘ മുദ്ദോ’ എന്ന് മാത്രമായും വിളിക്കുന്ന ഈ കിണ്ണത്തപ്പം. ഊണിനു കൂടെ വിളമ്പുന്ന ഒരു രുചിയായാണ് കൊങ്കണികൾ മുദ്ദോ ഉണ്ടാക്കുക.
പച്ചരിയും തുവരപരിപ്പും മുളകും തേങ്ങയുമൊക്കെയാണ് മുദ്ദോയുടെ അടിസ്ഥാന ചേരുവകൾ. ഇതേ കൂട്ടിൽ സവാളയോ, ഭക്ഷ്യ യോഗ്യമായ വിവിധ തരം ഇലകളുമൊക്കെ അരിഞ്ഞു ചേർത്തും മുദ്ദോ തയ്യാറാക്കും. മുരിങ്ങയില, തകരയില, ചേമ്പില, ഉലുവചീര, ക്യാബേജ് പോലുള്ളവയൊക്കെ ഇഷ്ടാനുസരണം ഇതേ കൂട്ടിൽ അരിഞ്ഞു ചേർക്കാറുണ്ട്. ഇലകൾ ലഭ്യമല്ലെങ്കിൽ സവാള മാത്രം ചേർത്തും മുദ്ദോ തയ്യാറാക്കാം.
ചോറിന്റെ കൂടെ പരിപ്പ് കറിയും മുദ്ദോയുമാണ് സാധാരണ കൊങ്കണികൾ ഇഷ്ടപ്പെടുന്ന കൂട്ടുകെട്ട്. ഇതേ മാവ് വട്ടയിലയിൽ പൊതിഞ്ഞു ആവിയിൽ പുഴുങ്ങി എടുക്കാറുണ്ട്. നാല് പ്ലാവിലകൾ പച്ച ഈർക്കിലി കൊണ്ട് കോട്ടി, ചെറിയ ബാസ്കറ്റ് പോലാക്കി അതിൽ മാവ് നിറച്ചും മുദ്ദോ തയ്യാറാക്കും. ഈ കുഞ്ഞ് പ്ലാവില സഞ്ചികളെ ഖൊട്ടോ എന്ന് വിളിക്കുന്ന കൊണ്ട് അന്നേരമിതിനെ സന്നാ ഖൊട്ടോ എന്നുമാണ് വിളിക്കുക.
ഇലകളിൽ പൊതിഞ്ഞോ നിറച്ചോ മുദ്ദോ തയ്യാറാക്കാനുള്ള സാഹചര്യം ഇല്ലെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മുദ്ദോ യാണ് മാവ് കിണ്ണത്തിൽ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുന്നത്. വെന്ത ഇലകളുടെ മണം ഇല്ലായിരിക്കുമെങ്കിലും അത് മുദ്ദോയുടെ തനത് രുചിയെ ബാധിക്കില്ലെന്നതും കൗതുകം.
പാചകരീതിയിലേക്ക്
ചേരുവകൾ
1.പച്ചരി- 1 കപ്പ്
2.തുവരപ്പരിപ്പ്- 1/2 കപ്പ്
3.വറ്റൽമുളക്- 10-15 എണ്ണം
4.തേങ്ങാ- 3/4 കപ്പ്
5.വാളൻ പുളി- ഒരു കുഞ്ഞ് കഷ്ണം
6.സവാള- 1 വലുത്
7.ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരിയും തുവരപരിപ്പും കഴുകി ഒരു മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർക്കുക. തേങ്ങാ, വറ്റൽമുളക്, പുളി എന്നിവ ആദ്യം അൽപ്പം വെള്ളമൊഴിച്ചു നന്നായി അരച്ചെടുക്കുക.
ശേഷം അരിയും പരിപ്പും ചേർത്ത് ശകലം തരുതരുപ്പായി അരച്ചെടുക്കുക. വെള്ളം അധികമാകരുത്. മാവ് നല്ല കട്ടിയായി തന്നെ വേണം. ഇതിലേക്ക് ഉപ്പും സവാള ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കുക.
ഇനി ഒരു സ്റ്റീൽ കിണ്ണമെടുത്ത് അതിൽ ഒരല്പം വെളിച്ചെണ്ണ തടവുക. ഇതിലേക്ക് അരച്ച് വെച്ച മാവ് ഒഴിക്കുക. ഈ കിണ്ണം ഇഡ്ഡലി ചെമ്പിൽ വച്ച് 15 മുതൽ 20 മിനിറ്റുകൾ വരേ ആവിയിൽ പാകം ചെയ്യുക.
പാകത്തിന് വെന്തു വരുമ്പോൾ വാങ്ങി വെയ്ക്കാം. സാധാരണ കിണ്ണത്തപ്പങ്ങൾ മുറിക്കും പോലെ ചെറു ചതുരങ്ങളായി മുറിച്ചു വിളമ്പാവുന്നതാണ്. കഴിക്കാൻ നേരം മീതെ പച്ച വെളിച്ചെണ്ണ കൂടെ ഒഴിച്ചാൽ സ്വാദ് കൂടും.
മേൽപ്പറഞ്ഞ ഇലകൾ ഏതു വേണമെങ്കിലും ചെറുതായി അരിഞ്ഞു ഇതേ കൂട്ടിൽ ചേർക്കാവുന്നതാണ്
