സാങ്കേതികവിദ്യാ രംഗത്തും ഇലക്ട്രിക് വാഹനരംഗത്തും ബഹിരാകാശ രംഗത്തും വൻ മുന്നേറ്റങ്ങളുണ്ടാക്കിയ ശതകോടീശ്വര വ്യവസായ ഇലോണൻ മസ്ക് ഇപ്പോൾ റസ്റ്ററൻ്റ് മേഖലയിലും കൈവെച്ചിരിക്കുകയാണ്. ലോസ് ഏഞ്ചൽസിലെ സാന്റാ മോണിക്ക ബൊളിവാർഡിലാണ് ഇലോൺ മസ്‌കിന്റെ ടെസ്‌ല ഡൈനർ ആൻഡ് ഡ്രൈവ്-ഇൻ തിങ്കളാഴ്ച പ്രവർത്തനമാരംഭിച്ചത്. ബർഗറുകൾ, ഫ്രൈകൾ എന്നിവ ഉൾപ്പെടുന്ന ക്ലാസിക് അമേരിക്കൻ ഭക്ഷണങ്ങൾ ടെസ്‌ല സൈബർ ട്രക്കിന്റെ ആകൃതിയിലുള്ള പേപ്പർ ബോക്സുകളിലാണ് വിളമ്പുന്നത്. ലോസ് ഏഞ്ചൽസിലെ പ്രശസ്ത ഷെഫ് എറിക് ഗ്രീൻസ്പാനാണ് മെനുവിന് പിന്നിൽ. പ്രാദേശികമായി ലഭ്യമായ ചേരുവകളാണ് റസ്റ്ററൻ്റിൽ ഉപയോഗിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.
.jpg?$p=bd5c7cc&w=852&q=0.8)
ലോകത്തിലെ ഏറ്റവും വലിയ സൂപ്പർചാർജർ സ്റ്റേഷനാണ് ടെസ്ല ഡൈനറിൽ ഒരുക്കിയിരിക്കുന്നത്. രണ്ട് 45-അടി LED സ്ക്രീനുകളാണ് കവാടത്തിനു മുന്നിലായുള്ളത്. 15-30 മിനിറ്റ് ദൈർഘ്യമുള്ള സിനിമകളും ടെസ്‌ല പരസ്യങ്ങളും ഇവയിൽ പ്രദർശിപ്പിക്കാനാകും. ടെസ്‌ലയുടെ ഹ്യൂമനോയിഡ് റോബോട്ട് ഒപ്റ്റിമസാണ് ഇവിടെ പോപ്‌കോൺ പോലുള്ളവ വിളമ്പുന്നത്.
ഇൻ-കാർ ഓർഡറിംഗ് സംവിധാനം വഴി ടെസ്‌ല വാഹന ഉടമകൾക്ക് കാറിന്റെ ടച്ച്സ്ക്രീൻ വഴി ഭക്ഷണം ഓർഡർ ചെയ്യാം. 15 മിനിറ്റ് അകലെ എത്തുമ്പോൾ ജിയോഫെൻസ് സാങ്കേതികവിദ്യ മെനുയിലെ വിഭവങ്ങൾ എന്താണെന്ന് ഉപഭോക്താക്കളെ അറിയിക്കും. ടെസ്‌ല ഉടമകൾക്കും അല്ലാത്തവർക്കും ഏത് സമയത്തും ഡൈനർ ലഭ്യമാണ്.
.jpg?$p=b24169c&w=852&q=0.8)
ടെസ്‌ല ഡൈനറിന്റെ മെനു ഏഴ് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത് ബർഗറുകൾ/ സാൻഡ്‌വിച്ചുകൾ, ഓൾ-ഡേ ബ്രേക്ഫാസ്റ്റ്, സൈഡ്സ്, കിഡ്സ് മെനു, ഡെസേർട്ട്സ്, ബിവറേജസ്, ചാർജ്ഡ് സോഡാസ് എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്.
എല്ലാ ചേരുവകളും ടെസ്‌ല വാഹനത്തിന്റെ ഒറ്റ ചാർജിൽ എത്താവുന്ന ദൂരത്തിൽ നിന്നാണ് ശേഖരിക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം.
റെട്രോ-ഫ്യൂചറിസ്റ്റിക് ഡൈനർ വിജയിക്കുകയാണെങ്കിൽ ടെസ്‌ല ലോകത്തിലെ പ്രധാന നഗരങ്ങളിലും ദീർഘദൂര സൂപ്പർചാർജർ സൈറ്റുകളിലും ഇത്തരം ഡൈനറുകൾ സ്ഥാപിക്കുമെന്ന് മസ്ക് അറിയിച്ചിട്ടുണ്ട്.
