അംഗങ്ങളുടെ ആരോഗ്യത്തിന് പ്രധാന്യം നല്‍കിക്കൊണ്ട് മെനു പുതുക്കിയിരിക്കുകയാണ് പാര്‍ലമെന്റ് കാന്റീന്‍. പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണങ്ങളാണ് പുതുക്കിയ മെനുവിലുള്ളത്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് ഈ നടപടിക്ക് തുടക്കമിട്ടത്.
കൊഴുപ്പുകൂടിയ ഗ്രേവികളും കട്ടിയുള്ള ആഹാരങ്ങളും പരമാവധി ഒഴിവാക്കിയാണ് പുതിയ മെനു. മണിച്ചോളംകൊണ്ടുള്ള ഉപ്പുമാവ്, ചെറുധാന്യങ്ങള്‍ കൊണ്ടുള്ള ഇഡ്ഡലി, സാലഡുകള്‍, ഗ്രില്‍ ചെയ്ത മത്സ്യം എന്നിവ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രുചിയും പോഷകവും നഷ്ടപ്പെടുത്താതെ ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുന്നതാണ് പുതിയ മെനുവിലെ ഭക്ഷണങ്ങള്‍.
പോഷകാഹാര വിദഗ്ധരുടെ മാര്‍ഗനിര്‍ദേശത്തോടെയാണ് മെനു തയ്യാറാക്കിയത്. ഓരോ വിഭവത്തിനുമൊപ്പം അതിലടങ്ങിയിരിക്കുന്ന കലോറിയുടെ അളവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നതിന് എംപിമാരേയും ഉദ്യോഗസ്ഥരേയും പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
270 കലോറി അടങ്ങിയ റാഗി ഇഡ്ഡലിയും സാമ്പാറും, 206 കലോറി അടങ്ങിയ ഉപ്പുമാവ്, ചെറുപയര്‍ ദോശ, ചണാ ചാട്ട് എന്നിവയുള്‍പ്പെടെ ചെറുധാന്യങ്ങള്‍ കൊണ്ടുള്ള പ്രഭാതഭക്ഷണങ്ങള്‍ മെനുവിലുണ്ട്. മാംസാഹാരം ഇഷ്ടപ്പെടുന്നവര്‍ക്ക് പുഴുങ്ങിയ പച്ചക്കറികളോടൊപ്പം ഗ്രില്‍ ചെയ്ത ചിക്കനും (157 കലോറി), ഗ്രില്‍ ചെയ്ത മത്സ്യവും (378 കലോറി) ഒരുക്കും.
ലഘുഭക്ഷണങ്ങള്‍ക്കും പാനീയങ്ങള്‍ക്കുമായി ഫ്രഷ് സാലഡുകളോ (113 കലോറി), സൂപ്പുകളോ, റോസ്റ്റ് ചെയ്ത തക്കാളിയോ, ബേസില്‍ ഷോര്‍ബയോ തിരഞ്ഞെടുക്കാം.
പ്രധാന ഭക്ഷണത്തിനു ശേഷം കഴിക്കാന്‍ മധുരമുള്ള വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ചെറുധാന്യങ്ങള്‍ കൊണ്ടുള്ള പായസവും(മിക്‌സ് മില്ലറ്റ് ഖീര്‍) മെനുവില്‍ ഇടം പിടിച്ചിട്ടുണ്ട്.
കാര്‍ബോഹൈഡ്രേറ്റ്, കലോറി, സോഡിയം എന്നിവ കുറഞ്ഞതും, നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയതുമായ ഭക്ഷണങ്ങള്‍ ശ്രദ്ധാപൂര്‍വം ഉള്‍ക്കൊള്ളിച്ചാണ് പുതിയ മെനു തയ്യാറാക്കിയിരിക്കുന്നത്.
