പാവയ്ക്ക- അയ്യോ കയ്പ്പേ എന്നും പറഞ്ഞു ചിലരെങ്കിലും അകറ്റി നിർത്തുന്ന ഒരു പച്ചക്കറി. എന്നാൽ ആ കയ്പ്പിനെ തന്നേ സ്നേഹിച്ച്, ആ രുചി ആസ്വദിക്കുവാൻ സാധിക്കുന്നവരാണ് നമ്മിൽ ഏറിയ പങ്കും എന്നതാണ് വാസ്തവം.
ഒരു അടുക്കളത്തോട്ടത്തിൽ നിർബന്ധമായും നമ്മൾ ഉൾപ്പെടുത്തുന്ന പച്ചക്കറികളിൽ ഒന്നാണ് പാവയ്ക്ക. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും ഇവ സഹായിക്കുന്നു. ഇത്തരം ഗുണഗണങ്ങൾ ഏറെയുള്ളത് കൊണ്ട് തന്നെ പാവയ്ക്ക വിഭവങ്ങൾ നമുക്ക് ഒഴിച്ച് നിർത്താൻ പറ്റാത്തവയാകുന്നു.
സ്ഥിരം തോരനും തീയലിനും പച്ചടിക്കുമൊക്കെ ഒരു അവധി കൊടുത്തു കൊണ്ട് ഇത്തവണ ഒരു കൊങ്കണി പാവയ്ക്ക വിഭവമായാലോ? കൊങ്കണികൾ പാവയ്ക്ക കൊണ്ട് അനവധി വിഭവങ്ങൾ തയ്യാറാക്കും.
‘കാറാത്തേ’ എന്നാണ് കൊങ്കണിയിൽ പാവയ്ക്കയുടെ പേര്. പ്രത്യേക മസാല അരപ്പ് പുരട്ടി വറുത്തെടുക്കുന്ന പാവയ്ക്ക വിശേഷ ദിവസങ്ങളിൽ സദ്യയിൽ ഉൾപ്പെടുത്താറുണ്ട്. പൊടിയായി അരിഞ്ഞ പാവയ്ക്ക വറുത്ത് തേങ്ങാ അരപ്പും ചേർത്തെടുക്കുന്ന ‘പുഡ്ഡി സഗ്ളെ ‘ ചോറിനൊപ്പം അതീവ രുചികരമായ ഒരു വിഭവമാണ്. കൂടാതെ തൊടുകറിയായി വിളമ്പുന്ന പച്ചമാങ്ങയോ ഇല്മ്പൻ പുളിയോ മറ്റോ ചേർത്ത് ഉണ്ടാക്കുന്ന ‘കാറാത്യാ തളാസിനി ‘ ഒരിത്തിരി മതിയാകും. കിസ്മ്പൂരി, കർമണെ, ഭുത്തിയൊക്കെ ഇതുപോലുള്ള പാവയ്ക്ക രുചികൾ. പച്ചമാങ്ങയും പാവയ്ക്കയും തേങ്ങാപ്പാലിൽ പാകം ചെയ്തുണ്ടാക്കുന്ന ‘ഗൂൺ’ എന്ന രുചിയൊക്കെ പഴയ തലമുറ നമുക്ക് കൈമാറി തന്ന രുചിരത്നം തന്നെയാണ്. പാവയ്‌ക്ക് വറ്റൽ കൊണ്ടുണ്ടാക്കുന്ന പച്ചടിയും കിസ്മ്പൂരിയും മഴക്കാലത്തെ അത്താഴത്തിനു ചൂട് കഞ്ഞിക്കൊപ്പം ഏറെ പ്രിയങ്കരമാണ്. എന്തിനേറെ പഴുത്ത മാമ്പഴത്തിനൊപ്പം പാവയ്ക്ക ചേർത്തുണ്ടാക്കുന്ന അപൂർവ രുചിയായ ഘശി എന്ന കറിയും കൊങ്കണികളുടെ സ്വന്തം. ചിലർ മധുര അമ്പഴങ്ങയും ഇതിൽ ചേർക്കാറുണ്ട്.
ഇന്ന് പരിചയപ്പെടുത്തുന്നത് പാവയ്ക്ക കൊണ്ടുള്ള ഒന്നാംതരം തൊടുകറിയായ ‘പാവയ്ക്ക പത്രോടോ’. ശരിക്കും പത്രോടോ എന്നാൽ ചേമ്പിലയിൽ മാവ് പുരട്ടി എടുക്കുന്ന കൊങ്കണികളുടെ ഏറെ പ്രശസ്ത രുചിക്കൂട്ടാണ്. പാവയ്ക്ക കൊണ്ടുള്ള ഈ രുചി ആണേൽ പത്രോടോയുടെ പാചകവുമായി പുലബന്ധം പോലുമില്ലാത്തതുമാണ്. എന്നിട്ടും പഴമക്കാർ എന്തിനിതിനെ പാവയ്ക്ക പത്രോടോ എന്ന് പേരിട്ടു എന്നത് കൗതുകകരമായ കാര്യം. പേരിലെ അനൗചിത്യം നോക്കാതെ രുചിയിലെ മേന്മ അനുഭവിചാൽ മതിയല്ലോ അല്ലേ?
പാവയ്ക്ക മുളകിട്ടതാണ് പാവയ്ക്ക പത്രോടോ. മൂന്നാല് പാവയ്ക്ക കഷ്ണങ്ങൾ മാത്രം മതിയാകും ഊണ് ഗംഭീരമാകാൻ. എരിവും പുളിയും കയ്പ്പും ഒന്നിനോടൊന്ന് ചേർന്ന് മത്സരിക്കുമ്പോൾ രുചി അതിന്റെ ഉന്നതങ്ങളിൽ ചെന്നെത്തും.
പാചകരീതിയിലേക്ക്
ചേരുവകൾ
1.പാവയ്ക്ക- 1 വലുത്
2.കശ്മീരി മുളകുപൊടി- 3-4 ടീസ്പൂൺ
3.കായപ്പൊടി- 1/2 ടീസ്പൂൺ
4.വാളൻപുളി- ഒരു ചെറുനെല്ലിക്ക വലുപ്പത്തിൽ
5.കടുക്- 1 ടീസ്പൂൺ
6.ഉലുവ- 1 ടീസ്പൂൺ
7.ഉഴുന്ന്- 1 ടീസ്പൂൺ
8.വെളിച്ചെണ്ണ- 2-3 ടീസ്പൂൺ
9.ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാവയ്ക്ക ഇത്തിരി വലിയ ചതുരക്കഷ്ണങ്ങളാക്കി മുറിക്കുക. ഇതിൽ അല്പം ഉപ്പ് പുരട്ടി അരമണിക്കൂറോളം വെയ്ക്കുക. ശേഷം നന്നായി പിഴിഞ്ഞ് കയ്പ്പ് വെള്ളം കളഞ്ഞ് ഒരു കപ്പ് വെള്ളമൊഴിച്ചു വേവിയ്ക്കുക.
പാവയ്ക്ക നന്നായി വെന്തതിനു ശേഷം വെള്ളം ഊറ്റികളഞ്ഞു കഷ്ണങ്ങൾ മാത്രമെടുക്കുക. ഇതിലേക്ക് അല്പം ഉപ്പ്, മുളകുപൊടി, കായം ചേർത്ത് പത്തു പതിനഞ്ചു മിനിറ്റുകൾ നേരം പുരട്ടി വെയ്ക്കുക.
ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ, ഉഴുന്നു എന്നിവ മൂപ്പിക്കുക. ഇതിലേക്ക് പാവയ്ക്ക ചേർത്ത് പുളിവെള്ളവുമൊഴിച്ചു അടച്ചു വെച്ച് പാകം ചെയ്യുക. ചാറ് വെന്തു കുറുകി വരുമ്പോൾ വാങ്ങി വെയ്ക്കാം. ചോറിന്റെ കൂടെ വിളമ്പാവുന്നതാണ്.
ശ്രദ്ധിക്കുക
പാവയ്ക്ക വേവിച്ച വെള്ളം കളയുന്നത് അതിന്റെ മൂല്യങ്ങൾ കുറയ്ക്കുമെന്ന ആശങ്ക ഉള്ളവർക്ക് ആ സ്റ്റെപ് ഒഴിവാക്കി നേരിട്ട് മസാല പുരട്ടി പാകം ചെയ്യാവുന്നതാണ്.കയ്പ്പ് കുറച്ചു കൂടുതലായി കാണുമെന്നേയുള്ളു.
.jpg?$p=ac296b2&f=16x9&w=1080&q=0.8)