ഏത് റെസിപ്പിയെടുത്താലും ഇഞ്ചിയുടെ സന്തതസഹചാരിയാണ് സാക്ഷാൽ വെളുത്തുള്ളി. ഒഴിച്ചൂകൂടാനാകാത്ത ചേരുവയാണെങ്കിലും രൂക്ഷമായ ഗന്ധത്തിൻ്റെ പേരിൽ പലപ്പോഴും പഴികേൾക്കുന്നവയാണ് ഇവ രണ്ടും. എന്നാൽ ഈ ഗന്ധം നിങ്ങൾ വെളുത്തുള്ളി മുറിക്കുന്ന രീതിക്കനുസരിച്ച് മാറുമെന്നറിയാമോ? പാചകം, ഭക്ഷണം തുടങ്ങിയവയെപ്പറ്റി വ്യത്യസ്തവും രസകരവുമായ വിവരങ്ങൾ പങ്കുവെക്കുന്ന ‘മാറ്റ് വില്ലന’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വെളുത്തുള്ളിയുടെ രുചിരഹസ്യം ഭക്ഷണപ്രേമികളുടെ ശ്രദ്ധപിടിച്ചുപറ്റുകയാണ്.
വെളുത്തുള്ളിയുടെ രുചി അലിസിൻ എന്ന സൾഫർ സംയുക്തത്തിൽ നിന്നാണ് ഉണ്ടാകുന്നത്. എന്നാൽ ഇത് സ്വാഭാവികമായി വെളുത്തുള്ളിയിൽ ഉണ്ടാകില്ല. വെളുത്തുള്ളി മുറിക്കുകയോ, അരയ്ക്കുകയോ ചെയ്യുമ്പോൾ അവയുടെ കോശങ്ങൾ പൊട്ടും. അപ്പോൾ മാത്രമാണ് അലിസിൻ ഉത്പാദിപ്പിക്കപ്പെടുന്നത്. അലിസിനാണ് വെളുത്തുള്ളിയ്ക്ക് പ്രത്യേക രുചിയും മണവും നൽകുന്നത്.
വെളുത്തുള്ളിയുടെ രുചി എങ്ങനെ അരിയുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. വെളുത്തുള്ളിയുടെ കോശങ്ങൾ എത്രമാത്രം തകർക്കപ്പെടുന്നുവോ, അത്രയും അപാരമായിരിക്കും രുചി. ഇതുകൊണ്ടാണ് നമ്മൾ പല വിഭവങ്ങൾക്കും വിവിധ തരത്തിൽ വെളുത്തുള്ളി മുറിക്കുന്നത്. ഹോള്‍ ഗാര്‍ലിക് (മുറിക്കാത്തവ), ക്രഷ്ഡ്, സ്ലൈസ്ഡ്, ചോപ്പ്ഡ്, മിന്‍സ്ഡ്, ഫൈന്‍ലി ഗ്രേറ്റഡ് എന്നിങ്ങനെ പല തരത്തില്‍ വെളുത്തുള്ളിയെ മുറിക്കാനാകും.
വെളുത്തുള്ളിയുടെ കോശങ്ങൾ തകരാതെയിരിക്കുമ്പോൾ അലിസിൻ ഉത്പാദനം വളരെ കുറവായിരിക്കും. ഇത് വെളുത്തുള്ളിയുടെ തീക്ഷ്ണമായ രുചി ഒഴിവാക്കുന്നു വെളുത്തുള്ളി നേർത്ത കഷ്ണങ്ങളാക്കി മുറിക്കുമ്പോൾ, കൂടുതൽ കോശങ്ങൾ തകർക്കപ്പെടുകയും അലിസിന്റെ ഉത്പാദനം വർദ്ധിക്കുകയും ചെയ്യുന്നു. കറികൾ, വഴറ്റിയ വിഭവങ്ങൾ, അല്ലെങ്കിൽ പാസ്ത സോസുകൾ എന്നിവയ്ക്ക് തീവ്രമായ രുചി നൽകാൻ ഇത് സഹായിക്കും.
വെളുത്തുള്ളി പേസ്റ്റാക്കുമ്പോൾ ഏറ്റവും തീക്ഷ്ണമായ രുചി ലഭിക്കും. മസാലകൾ, ചട്ണികൾ എന്നിവയ്ക്ക് ഇത് അനുയോജ്യമാണ്. വെളുത്തുള്ളി ചൂടാക്കുമ്പോൾ, ഈ രാസപ്രവർത്തനം നിലയ്ക്കുമെന്നതാണ് മറ്റൊരു വസ്തുത.
Content Highlights: Unlock the best garlic flavor! Learn how different cutting techniques impact its taste and aroma
മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter
