സ്പിരിച്വല്‍ ടൂറിസത്തിന്റെ ഭാഗമായി പെറുവിലെ ലൊറെറ്റോയിലെത്തിയ 41-കാരന് അവിടുത്തെ പരമ്പരാഗത പാനീയം കുടിച്ച് മരിച്ചു. അലബാമയില്‍നിന്നുള്ള ആരോണ്‍ വെയ്ന്‍ കാസ്ട്രനോവ എന്നയാള്‍ക്കാണ് ജീവന് നഷ്ടമായത്.
അയഹുവാസ്ക എന്നറിയപ്പെടുന്ന പാനീയം കുടിച്ചതിനെ തുടര്‍ന്ന് ഇയാളുടെ ഒന്നിലധികം അവയവങ്ങള്‍ക്ക് കേടുപാട് വന്നതായി റിപ്പോര്‍ട്ടുണ്ട്. മാരകമായ ഈ പാനീയം ആമസോണിലെ തദ്ദേശീയര്‍ ആത്മീയ കാര്യങ്ങള്‍ക്കും രോഗശാന്തിക്കുമായാണ് ഉപയോഗിക്കുന്നത്.
സ്പിരിച്വല്‍ ടൂറിസവുമായി ബന്ധപ്പെട്ട് സാന്താ മരിയ ഡി ഒജെഡ കമ്മ്യൂണിറ്റിയിലെ ഒരു ഹോസ്റ്റലിലാണ് ചടങ്ങ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ചടങ്ങിന്റെ സംഘാടകരോട് താന്‍ ആന്റിബയോട്ടിക് കഴിക്കുന്നയാളാണെന്ന് അറിയിക്കാന്‍ മറന്ന യുവാവ് പാനീയം കഴിച്ച് മരണപ്പെടുകയായിരുന്നുവെന്നാണ് സ്ഥാപനത്തിലെ ജീവനക്കാരന്റെ മൊഴി.
സമീപ വര്‍ഷങ്ങളില്‍ അയഹുവാസ്ക ടൂറിസം കുതിച്ചുയരുകയാണ്. ഒരാളുടെ നേതൃത്വത്തില്‍ സന്ദര്‍ശകര്‍ക്ക് ഈ തദ്ദേശീയ മദ്യം നല്‍കിവരുന്ന വിശ്രമ കേന്ദ്രങ്ങള്‍ നിലവിലുണ്ട്. വിനോദസഞ്ചാരികള്‍ പലപ്പോഴും വിഷാദരോഗത്തിന് ഒരു പരിഹാരമായി ഈ പാനീയം വാങ്ങി കഴിക്കാറുണ്ട്.
മരണത്തെ നേരിടാന്‍ തന്റെ മാതാവായ ഡയാനാ രാജകുമാരിക്ക് പ്രിന്‍സ് ഹാരി ഈ പാനീയം നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത് കഴിക്കുന്നതിനെതിരെ പെറുവിലെ യുഎസ് എംബസി അമേരിക്കന്‍ വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
‘പെറുവിലെ ആളുകള്‍ ആചാരപരമായ വസ്തുക്കള്‍ എന്ന നിലയിലാണ് ഈ അപകടകരമായ വസ്തുക്കള്‍ പലപ്പോഴും വിപണനം ചെയ്യുന്നത്.
അയഹുവാസ്ക എന്നത് ഡൈമെഥൈല്ട്രിപ്റ്റാമൈന് അടങ്ങിയ ഒരു സൈക്കോ ആക്റ്റീവ് പദാര്‍ത്ഥമാണ്. ശക്തമായ ഹാലുസിനോജനാണ്, ഇത്. അമേരിക്കയിലും മറ്റ് പല രാജ്യങ്ങളിലും നിയമവിരുദ്ധമാണെന്നാണ് യുഎസ് എംബസിയുടെ വെബ്സൈറ്റില്‍ പറയുന്നത്.
കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ ഒരു ബ്രിട്ടീഷ് യുവതി മരിച്ചിരുന്നു. സാമൂഹികപ്രവര്‍ത്തകയായ മൗറീന്‍ റെയ്ന്ഫോഡ് 2024 ഒക്ടോബറിലാണ് മരിച്ചത്.
