എടവപ്പാതി എട്ടു ദിവസം മുമ്പേ കേരളത്തിലെത്തിക്കഴിഞ്ഞു. മഴ കനക്കുമ്പോൾ അടുക്കളയിലും കുറച്ച് തയ്യാറെടുപ്പുകൾ ആവശ്യമാണ്. ഈർപ്പവും നനവും മൂലം വെളുത്തുള്ളി സൂക്ഷിക്കുന്നത് ഒരു വെല്ലുവിളിയായേക്കാം. മഴക്കാലത്ത് വെളുത്തുള്ളി സൂക്ഷിക്കാനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
വായുസഞ്ചാരമുള്ള സ്ഥലം
മഴക്കാലത്തെ ഈർപ്പം വെളുത്തുള്ളിയെ മുളപ്പിക്കാനോ കേടാകാനോ ഇടയാക്കും. അതുകൊണ്ട് വരണ്ടതും വായു സഞ്ചാരമെത്തുന്നതുമായ സ്ഥലങ്ങളിൽ സൂക്ഷിക്കാം. അടുക്കളയില്‍ തണുപ്പ് തട്ടുന്ന ഇടങ്ങളിലും വെളുത്തുള്ളി സൂക്ഷിക്കരുത്.
റഫ്രിജറേറ്റർ ഒഴിവാക്കുക
ഫ്രിഡ്ജിന്റെ ഈർപ്പമുള്ള അന്തരീക്ഷം വെളുത്തുള്ളിയെ വേഗത്തിൽ കേടാക്കും. തൊലികളയാത്ത വെളുത്തുള്ളി അല്ലികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക. എന്നാൽ, തൊലി കളഞ്ഞ അല്ലികൾ വായു കടക്കാത്ത പാത്രത്തിൽ (എയർ ടൈറ്റ കണ്ടൈനർ) ഫ്രിഡ്ജിൽ സൂക്ഷിക്കാം. രണ്ട്- മുതൽ മൂന്ന് ആഴ്ച വരെ സൂക്ഷിക്കാവുന്നതാണ്.
ഫ്രീസറിൽ സൂക്ഷിക്കാം
വെളുത്തുള്ളിയെ തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞോ പേസ്റ്റ് ആക്കിയോ ഫ്രീസറിൽ സൂക്ഷിക്കാം. ഐസ് ട്രേകളിൽ ചെറിയ ഭാഗങ്ങളായി ഫ്രീസ് ചെയ്തും ഉപയോഗിക്കാം.
ഗുണമേന്മയുള്ള വെളുത്തുള്ളി തിരഞ്ഞെടുക്കുക
വെളുത്തുള്ളിയിൽ പാടുകളോ മുളകളോ ഇല്ലാത്തവ തിരഞ്ഞെടുക്കുക. കേടായ വെളുത്തുള്ളി മറ്റുള്ളവയെ വേഗം കേടാക്കും. കടയില്‍നിന്ന് വാങ്ങി വരുമ്പോള്‍ തന്നെ വെളുത്തുള്ളികള്‍ ഓരോന്നും പരിശോധിച്ച് മുകുളങ്ങള്‍ ഉണ്ടെങ്കില്‍ അവ അടര്‍ത്തി മാറ്റാം. ഇങ്ങനെ ചെയ്യുന്നത് വെളുത്തുള്ളി ദിവസങ്ങളോളം മുളക്കാതിരിക്കാന്‍ സഹായിക്കും.
പ്ലാസ്റ്റിക് പാത്രം വേണ്ട
പച്ചക്കറികളും മറ്റും പ്ലാസ്റ്റിക് ബാഗിലാക്കി സൂക്ഷിക്കുന്ന പ്രവണത നമുക്കുണ്ട്. എന്നാല്‍ വെളുത്തുള്ളി ഇങ്ങനെ പ്ലാസ്റ്റിക് ബാഗിലാക്കി സൂക്ഷിക്കുന്നത് വേഗത്തില്‍ കിളിര്‍ത്ത് പോകുന്നതിന് കാരണമാകും. പ്ലാസ്റ്റിക് ബാഗിന് പകരം തുണി അല്ലെങ്കില്‍ പേപ്പര്‍ ബാഗില്‍ സൂക്ഷിക്കാം.
മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം വേണ്ട
മറ്റ് പച്ചക്കറികള്‍ക്കൊപ്പവും ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പവും വെളുത്തുള്ളി സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഉരുളക്കിഴങ്ങ്, സവാള എന്നിവയ്‌ക്കൊപ്പം വെളുത്തുള്ളി സൂക്ഷിക്കുമ്പോള്‍ അത് വേഗത്തില്‍ കിളിര്‍ത്ത് പോകാന്‍ കാരണമാകും.
