വീട്ടില്‍ ബാക്കിവന്ന ചോറുകൊണ്ട് നമ്മളില്‍ പലരും ചില പലഹാരങ്ങള്‍ പരീക്ഷിച്ചു നോക്കാറുണ്ട്, അല്ലേ? അത്തരത്തിലുള്ള ഒരു പലഹാരം പാചകംചെയ്യുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് നടി നീനാ ഗുപ്ത. വീട്ടിലെ അടുക്കളയില്‍നിന്നും ‘ടിക്കി’ തയ്യാറാക്കുന്ന വീഡിയോയാണ് നടി പങ്കുവെച്ചത്.
ഒരുപാത്രത്തില്‍ ചോറെടുത്തിട്ട് അതില്‍ റവയിട്ട് കലര്‍ത്തിക്കൊണ്ടാണ് നീനാ ഗുപ്ത പാചകം തുടങ്ങിയത്. താന്‍ ആദ്യമായാണ് ഇത് തയ്യാറാക്കുന്നതെന്നും അതിനാല്‍ എത്രയളവിലാണ് റവ ചേര്‍ക്കേണ്ടതെന്ന് അറിയില്ലെന്നുമെല്ലാം അവര്‍ പറയുന്നുണ്ട്. കുഴച്ചുകൊണ്ടിരുന്ന കൂട്ടിലേക്ക് അരിഞ്ഞുവെച്ച കാരറ്റ്, യോഗട്ട് എന്നിവ ചേര്‍ത്ത് വീണ്ടും കുഴക്കുന്നു.
പിന്നീട് ഇതിലേക്ക് മല്ലിയിലയും മുളകും ചേര്‍ക്കുന്നു. വിഭവം കൂടുതല്‍ രുചികരമാക്കാന്‍ ഇതിലേക്ക് ഉപ്പും ചാട്ട് മസാലയുമെല്ലാം ചേര്‍ക്കാവുന്നതാണെന്ന് നീനാ ഗുപ്ത വീഡിയോയില്‍ പറയുന്നുണ്ട്.
തന്റെ കൈകൊണ്ടുതന്നെ ചേരുവകളെല്ലാം കുഴച്ചുകൊണ്ടിരിക്കെ, മിക്സ് ചെയ്തശേഷം അവ 20 നേരത്തേക്ക് മാറ്റിവെക്കണമെന്ന് നീന പറയുന്നു. അവസാനം ചേരുവ അല്പാല്പമായി ബോളുകളാക്കിയെടുത്തശേഷം പരത്തി കാണിക്കുന്നുണ്ട്. ശേഷം ഇത് ഒരു നോണ്‍സ്റ്റിക് പാനിലിട്ട് ഫ്രൈ ചെയ്തെടുക്കാം. പാചകം ചെയ്ത പലഹാരത്തിന്റെ ചിത്രവും നടി വീഡിയോയുടെ അവസാനഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിരവധി പേരാണ് നടി പങ്കുവെച്ച വീഡിയോയ്ക്ക് കമന്റുകളും ലൈക്കുകളുമായി രംഗത്തെത്തിയത്. സോഷ്യല്‍മീഡിയയില്‍ സജീവമായ നീനാ ഗുപ്ത തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
