കോഴിക്കോട് കുറ്റ്യാടി സ്വദേശി, വീട്ടമ്മയായ ബീനാ ടോം മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കുന്ന സംരംഭത്തിന് തുടക്കമിട്ടത് അന്പതാംവയസ്സിലാണ്. എട്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആറുലക്ഷംമുതല് 10 ലക്ഷം രൂപവരെ വാര്‍ഷിക അറ്റാദായം ലഭിക്കുന്ന ഒന്നായി ഇത് മാറിയിരിക്കുന്നു. കാര്‍ഷികവിഭവങ്ങള്‍ മുതല്‍ പൂക്കള്‍വരെ ഈ വീട്ടമ്മയുടെ കരവിരുതില്‍ പ്രീമിയം ഉത്പന്നങ്ങളായി മാറുകയാണ്.
ഉത്പന്നങ്ങള്‍ ഇരുനൂറിലേറെ
വീട്ടുകാര്‍ക്കും സന്ദര്‍ശകര്‍ക്കും പുതുമയുള്ള വിഭവങ്ങള്‍ ഉണ്ടാക്കിനല്കുന്നതില് ബീന തത്പരയായിരുന്നു. ആകര്‍ഷണീയതയും രുചിയും പോഷകമൂല്യവുമുള്ള വിഭവങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉണ്ടാക്കുക എന്ന ആശയം രൂപപ്പെടാന്‍ ഇത് സഹായിച്ചു. അമ്മ അച്ചാമ്മ നോബിള്‍ പകര്‍ന്ന കൈപ്പുണ്യവും പുതു ഉത്പന്നങ്ങള്‍ രൂപപ്പെടുത്താനുള്ള സര്‍ഗവൈഭവവും നല്ലൊരളവ് സഹായിച്ചു. നിലവില്‍ ഇരുനൂറോളം ഉത്പന്നങ്ങള്‍ ഇവരുണ്ടാക്കുന്നു. ജാതിത്തൊണ്ടില്നിന്ന് ജാം, ജെല്ലി, അച്ചാര്‍, സ്ക്വാഷ് തുടങ്ങി ഇരുപതോളം ഉത്പന്നങ്ങളാണുണ്ടാക്കുന്നത്.
വീട്ടുവളപ്പില്‍ വളര്‍ത്തുന്ന ശംഖുപുഷ്പത്തിന്റെ പൂവില്നിന്നാകട്ടെ ഡ്രൈ ഫ്ലവര്‍, സ്ക്വാഷ്, ജാം, ഔഷധച്ചായ തുടങ്ങിയവ ഉണ്ടാക്കുന്നു. ഇവകൂടാതെ, ചക്കയില്‍നിന്നും ചക്കക്കുരുവില്നിന്നുമുള്ള പല ഉത്പന്നങ്ങള്‍, മാമ്പഴത്തെര ഉള്‍പ്പെടെയുള്ള മാമ്പഴ ഉത്പന്നങ്ങള്‍, വെന്ത വെളിച്ചെണ്ണപോലുള്ള തേങ്ങാ ഉത്പന്നങ്ങള്‍, കുമ്പളങ്ങ ഹല്‍വ, പേരയ്ക്ക ബാര്‍, റോസാപ്പൂ, മള്‍ബറി, ചതുരപ്പുളി, മത്തങ്ങ, ലവലോലി, പാഷന് ഫ്രൂട്ട് എന്നിവയില്‍നിന്നുള്ള ജാമുകള്‍, വിവിധതരം വൈനുകള്‍, സ്ക്വാഷുകള്‍, ഔഷധ ഹെയര്‍ ഓയില്‍; പൂക്കള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ബ്യൂട്ടി ഓയിലുകള്‍, സോപ്പുകള്‍, കാച്ചിയ മോര് ഉള്‍പ്പെടെയുള്ളവയുടെ പൗഡറുകള്‍ എന്നിങ്ങനെ ഉത്പന്നങ്ങളുടെ പട്ടിക നീളുന്നു.
നിര്‍മാണരീതികള്‍ മിക്കതും കൃഷിവിജ്ഞാനകേന്ദ്രങ്ങളുടെ സഹായത്തോടെ സ്വയംരൂപപ്പെടുത്തിയതാണ്. സ്വന്തം ജൈവ ഉത്പന്നങ്ങള്തന്നെയാണ് അസംസ്കൃതവസ്തുക്കളിലേറെയും. അവശ്യഘട്ടങ്ങളില്‍ സുഹൃത്തുക്കളില്‍നിന്നും മറ്റും ശേഖരിച്ചാല്ത്തന്നെ അവ ജൈവമാണെന്ന് ഉറപ്പുവരുത്തുന്നു. രാസ പ്രിസര്‍വേറ്റിവുകള്‍ ചേര്‍ക്കാതെ ഉണ്ടാക്കുക എന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. സ്ലൈസര്‍, മിന്‍സിങ് മെഷീന്, ഡ്രയര്‍, ഡീപ്പ് ഫ്രീസര്‍, സീലിങ് മെഷീന് തുടങ്ങിയ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ പരിശീലിപ്പിച്ചെടുത്ത പണിക്കാര് ഒപ്പമുണ്ട്.
പ്രീമിയം ഉത്പന്നങ്ങള്‍ പ്രീമിയം വിലയ്ക്ക്
ഷോപ്പുകള്‍വഴി ഉത്പന്നങ്ങള്‍ വില്‍ക്കാറില്ല. ഉത്പന്നങ്ങള്‍ പരിചയപ്പെടുത്താനും ഓര്‍ഡറുകള്‍ ലഭിക്കാനും സാമൂഹികമാധ്യമങ്ങള്‍ നല്ലൊരളവ് സഹായിക്കുന്നുണ്ട്. ആള്ക്കാര് പറഞ്ഞറിഞ്ഞും നല്ലതോതില്‍ ഓര്‍ഡറുകള്‍ കിട്ടുന്നു. വലിയ അളവില്‍ ഒരുമിച്ചുണ്ടാക്കാതെ വിപണിയിലെ ഡിമാന്‍ഡ് കൃത്യമായി മനസ്സിലാക്കി ആവശ്യാനുസരണം ഉണ്ടാക്കും. രുചി, ഗുണമേന്മ, ആകര്‍ഷണീയമായ പാക്കിങ്, രാസചേരുവകളുടെ അഭാവം എന്നീ സവിശേഷതകളും അസംസ്കൃതവസ്തു ജൈവവുമായാല് വില്‍പ്പന പ്രശ്നമേയല്ല എന്നാണ് ബീനയുടെ അനുഭവം. സൂക്ഷിപ്പുകാലം കുറവായിരിക്കുമെങ്കിലും ഇത്തരം ഉത്പന്നങ്ങള്‍ പ്രീമിയംവില നല്കി സ്ഥിരമായി വാങ്ങാന്‍ ഉപഭോക്താക്കള്‍ ഏറെയുണ്ട്.
കേരളത്തിലും മറ്റുസംസ്ഥാനങ്ങളിലുമുള്ള മലയാളികള്‍തന്നെയാണ് ഉപഭോക്താക്കളില്‍ ഭൂരിഭാഗവും. അന്പതാംവയസ്സില് ചെറിയരീതിയില്‍ വീട്ടില്‍ തുടങ്ങിയ ഈ സംരംഭം ഇന്ന് പ്രതിമാസം 50,000 മുതല്‍ 80,000 രൂപവരെ വരുമാനം കിട്ടുന്ന ഗൃഹവ്യവസായമായി വളര്‍ന്നിരിക്കുന്നു.
പല ജീവിത ചുമതലകളും നിറവേറ്റിക്കഴിഞ്ഞ്, ഒരു സംരംഭം തുടങ്ങാന്‍ 50 വയസ്സ് ഒരു വൈകിയ പ്രായമല്ല, മറിച്ച് അനുയോജ്യമായ പ്രായമാണെന്നാണ് ബീനയുടെ അഭിപ്രായം. കര്മനിരതമാകുന്നതിലൂടെ വരുമാനത്തിനൊപ്പം ബോണസായി ശാരീരികവും മാനസികവുമായ ആരോഗ്യവും ലഭിക്കും. വിവരങ്ങള്‍ക്ക്: 9497326496 (വാട്സാപ്പ്).
