വിറ്റമിനുകളുടെയും ഫൈബറിന്റെയും സമൃദ്ധമായ സാന്നിധ്യം. ഒപ്പം, നാച്ചുറല്‍ ഷുഗറും. പഴങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ കാരണങ്ങളേറെയുണ്ട്. എന്നാല്‍, തോന്നുന്ന സമയത്തെല്ലാം പഴങ്ങള്‍ കഴിക്കാമോ? അങ്ങനെ കഴിച്ചാല്‍ എന്തെങ്കിലും കുഴപ്പങ്ങളുണ്ടോ? പഴങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെങ്കിലും അത് തോന്നുന്ന സമയത്ത് ആകുന്നത് ദോഷകരമാകുമെന്ന് ഇമോഷണല്‍ ഈറ്റിങ് കോച്ച് രാധിക ഷാ പറയുന്നു.
പഴങ്ങള്‍ കഴിക്കാന്‍ പാടില്ലാത്ത ചില സമയങ്ങളുമുണ്ട്. അത് ഏതൊക്കെ എന്ന് നോക്കാം. വെറുംവയറ്റില്‍ പഴങ്ങള്‍ കഴിക്കരുത്. കാരണം, രക്തത്തിലെ പഞ്ചസാരയുടെ നിലയില്‍ അസന്തുലിതാവസ്ഥയുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ വെറുംവയറ്റില്‍ പഴങ്ങള്‍ മാത്രം കഴിക്കുന്നത് ഷുഗര്‍ നില പൊടുന്നനെ ഉയരാനും താഴാനും വഴിവെക്കും. ഇത് തളര്‍ച്ച അനുഭവപ്പെടാനും വേഗം വിശക്കാനും കാരണമാകും. ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കാലത്ത് വെറുംവയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നതെങ്കില്‍ ഇത് ഉദ്ദേശിച്ച ഫലം തരില്ലെന്ന് ചുരുക്കം.
വയര്‍ നിറയെ ഭക്ഷണം കഴിച്ച ശേഷം പഴങ്ങള്‍ കഴിക്കുന്നവരുമുണ്ടാകും. ചെറിയൊരു ആശ്വാസം എന്ന നിലയ്ക്ക് ചെയ്യുന്നതാണെങ്കിലും ഇതും ആരോഗ്യകരമായ ഒരു ശീലമല്ല. കാരണം പ്രോട്ടീനുകളെയും കൊഴുപ്പിനെയും അപേക്ഷിച്ച് പഴങ്ങള്‍ വേഗം ദഹിക്കും. വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം പഴങ്ങള്‍ കഴിക്കുന്നത് ഗ്യാസിനും അസ്വസ്ഥതകള്‍ക്കും വഴിവെക്കുമെന്ന് രാധിക കൂട്ടിച്ചേര്‍ക്കുന്നു.
രാത്രി വിശപ്പുതോന്നുന്നപക്ഷം പഴങ്ങളെ ആശ്രയിക്കുന്നവരാണ് പലരും. എന്നാല്‍, ഇതും അത്ര നല്ലതല്ല. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് പഴങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നില ഉയരാന്‍ കാരണമാകും. മാത്രമല്ല ഉറക്കത്തെയും ബാധിക്കും. പാലിനൊപ്പം പഴങ്ങള്‍ ചേര്‍ത്തു കഴിക്കുന്നത് ചിലപ്പോള്‍ ദഹനപ്രശ്നങ്ങള്‍ക്ക് വഴിവെച്ചേക്കാം. വയറ്റില്‍ ഗ്യാസ് രൂപപ്പെടുന്നത് കൂടാതെ ത്വക്കിലും പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.
(ശദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)