തകര്‍ച്ചയില്‍നിന്നും തന്റെ സോഫ്റ്റ്വെയര് കമ്പനിയെ കരകയറ്റാന്‍ ഫുഡ് ഡെലിവറി ചെയ്യുന്ന യുവാവിനെ കുറിച്ച് എക്സിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. തനിക്ക് ഭക്ഷണമെത്തിച്ച പത്മനാഭന് എന്ന യുവാവിൻെറ ജീവിതത്തെ കുറിച്ച് നിതിന്‍ കുമാറാണ് എക്സില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. ഫുഡ് ഡെലിവറിക്കിടെ പത്മനാഭനുമായി സംസാരിച്ച നിതിന്‍ അയാളുടെ റെസ്യൂമെയും ചിത്രവും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പത്മനാഭന് 19 വര്‍ഷത്തെ തൊഴില്പരിചയമുണ്ട്. ഫുള്‍സ്റ്റാക്ക് ഡെവലപ്പര്‍ ആയ അയാള്‍ ഉപജീവനമാര്‍ഗമായി മാത്രമല്ല ഫുഡ് ഡെലിവറി ചെയ്യുന്നത്. തകര്‍ന്ന തന്റെ സംരംഭം തിരിച്ചുപിടിക്കാനുംകൂടിയാണെന്ന് കുറിപ്പില്‍ പറയുന്നു.
‘ഡെലിവറി ചെയ്തയാള്‍ എനിക്ക് കൈമാറിയ അയാളുടെ റെസ്യൂമെയാണിത്. സുരക്ഷിതമായി ഡെലിവറിചെയ്തത്, കോഡുപയോഗിച്ചുണ്ടാക്കിയത് എന്ന് റെസ്യൂമെയില്‍ എഴുതിയിട്ടുണ്ട്’, നിതിന്‍ കുറിച്ചു.
ജോലി ലഭിക്കാന്‍ എന്തെങ്കിലും സഹായം ചെയ്യണോ എന്ന് ചോദിച്ചപ്പോള്‍ പത്മനാഭന് നിരസിച്ചുവെന്നും കുറിപ്പില്‍ പറയുന്നു.
2018-ല്‍ തമിഴ്നാട്ടിലാണ് പത്മനാഭൻ കമ്പനി തുടങ്ങിയതെന്നും ഇയാള്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബിരുദധാരിയാണെന്നുമാണ് പത്മനാഭന്റെ ലിങ്ക്ഡ് ഇന്‍ അക്കൗണ്ടില്‍
വ്യക്തമാക്കുന്നത്.
