ആരോഗ്യസംരക്ഷണത്തില്‍ താന്‍ ശീലിക്കുന്ന കാര്യങ്ങളിലൊന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടിയും സെയ്ഫ് അലി ഖാന്റെ സഹോദരിയുമായ സോഹാ അലി ഖാന്‍. കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാവിലെ വെറുംവയറ്റില്‍ ഒരു വെളുത്തുള്ളിയുടെ അല്ലിയെടുത്ത് ചവച്ചരച്ച് കഴിക്കുന്ന ശീലമുണ്ടെന്ന് കുറിച്ചുകൊണ്ട് അതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സോഹ.
സോഹാ അലി ഖാന്‍ ഒരു വെളുത്തുള്ളിയുടെ അല്ലി എടുത്ത് കഴിക്കുന്നതാണ് വീഡിയോയില്‍. ഈ ചെറിയ അല്ലി പ്രതിരോധശക്തി, കുടലിന്റെ ആരോഗ്യം, വീക്കം(ഇന്‍ഫ്‌ളമേഷന്‍) എന്നിവയുടെയെല്ലാം സന്തുലിതാവസ്ഥയ്ക്ക് സഹായിക്കുന്ന ശക്തികേന്ദ്രമാണെന്നാണ് അവര്‍ കുറിച്ചു.
കഴിഞ്ഞ നാലാഴ്ചയായി എന്റെ പ്രഭാതങ്ങള്‍ ആരംഭിക്കുന്നത് ഒരു അല്ലി പച്ച വെളുത്തുള്ളി കഴിച്ചുകൊണ്ടാണ്. എന്തുകൊണ്ടെന്നോ? ഈ ചെറിയ അല്ലി, രോഗപ്രതിരോധ ശേഷി, കുടലിന്റെ ആരോഗ്യം, വീക്കം, ശരീരത്തിന്റെ മൊത്തത്തിലുള്ള സന്തുലിതാവസ്ഥ എന്നിവയുടെ ഒരു ശക്തികേന്ദ്രമാണ്.
ഞാന്‍ വെറുംവയറ്റില്‍ ഒരു പച്ച വെളുത്തുള്ളിയുടെ അല്ലി എടുത്ത്, അലിസിന്‍ എന്ന മാന്ത്രിക സംയുക്തം സജീവമാക്കാന്‍ കഴിയുന്നത്ര നേരം ചവയ്ക്കും. തുടര്‍ന്ന് വെള്ളത്തോടൊപ്പം വിഴുങ്ങും. നിങ്ങള്‍ക്ക് ചവയ്ക്കാന്‍ ധൈര്യമില്ലെങ്കില്‍, അത് ചതച്ച് ഒരു പത്ത് മിനിറ്റ് വെച്ചശേഷം കഴിക്കാം, സോഹ വിശദമാക്കി.
ഇത് എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റില്ലെന്നും വയറിന് അസ്വസ്ഥതകള്‍ ഉള്ളവരും ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നവരുമെല്ലാം ഡോക്ടറുടെ നിര്‍ദേശപ്രകാരം ചെയ്യണമെന്നും സോഹ പോസ്റ്റില്‍ കുറിച്ചു.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
